ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയ സി വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 293 പരാതികള്‍. ഇതിൽ 281 പരാതികൾ പരിഹരിച്ചു. ഏഴ് പരാതികൾ കഴമ്പില്ലാത്തവയാണെന്ന് കണ്ടെത്തിയതിനാൽ ഉപേക്ഷിച്ചു. അഞ്ച് പരാതികളിന്മേലുള്ള നടപടികൾ പുരോഗമിക്കു കയാണ്.
അനധികൃതമായി പ്രചാരണ സാമഗ്രികൾ പതിക്കൽ, പോസ്റ്ററുകള്‍, ഫ്ലെക്സുകള്‍ എന്നിവയ്ക്കെതിരെയാണ് കൂടുതൽ പരാതികൾ ലഭിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി മാർച്ച് 17 മുതലാണ് ജില്ലയിൽ സി വിജിൽ ആപ്പ് പ്രവർത്തനം ആരംഭിച്ചത്.
പണം, മദ്യം, ലഹരി, പാരിതോഷികങ്ങള്‍ എന്നിവയുടെ വിതരണം, ഭീഷണിപ്പെടുത്തല്‍, മതസ്പര്‍ധയുണ്ടാക്കുന്ന പ്രസംഗങ്ങള്‍, പെയ്ഡ് ന്യൂസ്, വ്യാജവാർത്തകൾ, വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കൽ, അനധികൃതമായി പ്രചരണ സാമഗ്രികൾ പതിക്കുക തുടങ്ങി പെരുമാറ്റച്ചട്ട ലംഘനത്തിന്‍റെ പരിധിയിൽ വരുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് സി വിജിൽ ആപ്പ് വഴി പരാതി നല്‍കാം.
പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ആപ്ലിക്കേഷൻ വഴി തത്സമയ ചിത്രങ്ങൾ, രണ്ടു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള വീഡിയോകൾ, ശബ്ദരേഖകൾ എന്നിങ്ങനെ പരാതി സമർപ്പിക്കാൻ സാധിക്കും.