തൊഴിൽ, വിസ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാനും സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കാനും നോർക്കാ റൂട്സിന്റെ ആഭിമുഖ്യത്തിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത് കൂടുതൽ ആളുകളിലേക്കും തൊഴിൽ മേഖലകളിലേക്കും വ്യാപിപ്പിക്കും. ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നത് പരിഗണിക്കും. ലോക കേരളസഭാംഗങ്ങൾ സുരക്ഷിത കുടിയേറ്റമെന്ന ആശയത്തിന് വ്യാപകമായ പ്രചാരണം നൽകണം.
വിവിധ വിദേശരാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നും നേരിട്ട് വിമാന സർവീസുകൾ വേണമെന്നതു പ്രവാസികളുടെ ദീർഘകാല ആവശ്യമാണ്. സീസൺ കാലത്ത് വലിയ തോതിൽ വിമാന ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് പ്രവാസികളെ പിഴിയുന്ന പ്രവണതയുമുണ്ട്. വിനോദസഞ്ചാരികൾ, ഹജ്ജ് തീർത്ഥാടനത്തിനു പോകുന്നവരിൽ നിന്നുവരെ അമിതമായ തുക ഈടാക്കുന്ന പ്രവണതയുണ്ട്. സംസ്ഥാന സർക്കാർ കേരളത്തിലെ പ്രവാസികളുടെ ഈ ആവശ്യങ്ങൾ നിരവധി തവണ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്.
പ്രധാന ആതിഥേയ രാജ്യങ്ങളിലെ മാറുന്ന തൊഴിൽ, കുടിയേറ്റ നിയമങ്ങളെക്കുറിച്ച് സമയാസമയങ്ങളിൽ ലഭ്യമാക്കേണ്ട ബോധവത്ക്കരണത്തിന്റെ അഭാവം പ്രവാസികൾക്ക് വെല്ലുവിളി ഉയർത്താറുണ്ട്. വിദേശരാജ്യങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവർക്കുള്ള സുരക്ഷിതമായ കുടിയേറ്റ കാര്യങ്ങളിൽ പ്രിന്റ്, ഓഡിയോ വിഷ്വൽ മാധ്യമങ്ങൾ മുഖേന നോർക്കാ റൂട്സ് ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. നഴ്സിംഗ് കോളേജുകൾ മുഖേന ജില്ലാതലത്തിൽ പ്രി-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്. യു.എ.ഇ. ഒഴിച്ചുള്ള മിക്ക രാജ്യങ്ങളിലെയും ഇന്ത്യൻ എംബസി വെബ്സൈറ്റുകളി മാറിവരുന്ന നിയമങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല എന്നത് വലിയ പരിമിതിയാണ്. ഈ പോരായ്മ പരിഹരിക്കുന്നതിന് വിദേശ സർവകലാശാലകൾ, കോഴ്സുകൾ, തൊഴിൽ നിയമങ്ങൾ എന്നിവ അതതു സമയങ്ങളിൽ നോർക്കാ റൂട്സിന്റെയും ലോക കേരളസഭയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും.
പ്രവാസികൾക്ക് വീട് വെക്കാൻ പ്രത്യേക പദ്ധതി രൂപീകരിക്കണമെന്ന നിർദ്ദേശം പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കണം എന്നതാണ് സർക്കാർ നയമെന്നും സമാപന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.