വ്യവസായ വികസനം ലക്ഷ്യംവച്ച് ജനുവരിയിൽ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ  നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനാണ് പുതിയ വ്യവസായനയം ആവിഷ്‌ക്കരിച്ചത്. 22 മുൻഗണനാ മേഖലകളിൽ നിന്നും നിക്ഷേപം ആകർഷിക്കാനും നിക്ഷേപകർക്ക് മികച്ച ഇൻസെന്റീവുകൾ നൽകാനും ലക്ഷ്യമിടുന്നു. 50 കോടി രൂപവരെയുള്ള നിക്ഷേപമാണെങ്കിൽ  കെസ്വിഫ്റ്റിൽ  രജിസ്റ്റർ ചെയ്താൽ  മൂന്നു വർഷം വരെ അനുമതികളൊന്നുമില്ലാതെ വ്യവസായം നടത്താൻ കഴിയും. അതിന് മുകളിലുള്ള നിക്ഷേപമാണെങ്കിൽ  എല്ലാ രേഖകളോടും കൂടി അപേക്ഷ നൽകിയാൽ ഏഴ് ദിവസത്തിനുള്ളിൽ  ലൈസൻസ് നൽകാൻ നിഷ്‌കർഷിക്കുന്ന നിയമവും പാസാക്കി. വ്യവസായം ആരംഭിക്കുന്നതിനും നടത്തുന്നതിനും പരാതി ഉണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ  പരിഹരിക്കും. വീഴ്ച്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തുന്നതിനുമുള്ള നിയമവും പാസാക്കിയിട്ടുണ്ട്.

നൂറു കോടിയിലധികം മുതൽ മുടക്കുള്ള പ്രോജക്ടുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ  ‘മീറ്റ് ദ മിനിസ്റ്റർ’ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്. നിക്ഷേപകർക്ക് തങ്ങളുടെ പദ്ധതികൾ മന്ത്രിക്കു മുന്നിൽ  അവതരിപ്പിക്കാം. പദ്ധതി നടപ്പിലാക്കി  ഏകോപിപ്പിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്യും. പ്രവാസികൾ നാട്ടിൽ ഉള്ളപ്പോൾത്തന്നെ ഇത്തരം വ്യവസായങ്ങളുടെ അനുമതിയും മീറ്റിംഗുകളും സംഘടിപ്പിക്കാൻ ഉതകുന്നവിധം ടോക്കണിംഗ് ടൈംലൈനിംഗും നടപ്പാക്കും.

ക്യാമ്പസുകളോട് ചേർന്ന് വിദ്യാർഥികൾക്ക് പാർട്ട്‌ടൈം ജോലി ചെയ്യാൻ കഴിയുന്ന ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് സർക്കാർ അനുമതി നൽകി. പുതിയ വ്യവസായ നയത്തിന്റെ തുടർച്ചയിൽ  കയറ്റുമതിനയം, ലോജിസ്റ്റിക് പോളിസി, ഗ്രഫീൻ പോളിസി, ഇ എസ്ജി പോളിസി, ഹൈടെക് മാനുഫാക്ച്ചറിങ് പോളിസി എന്നിവയും വ്യവസായ പാർക്കുകളുടെ പുതുക്കിയ ലാൻഡ് അലോട്ട്‌മെന്റ് പോളിസിയും രണ്ട് മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൾഫിലെ തുറമുഖങ്ങളിൽ  നിന്ന് കേരളത്തിലേക്ക് കുറഞ്ഞ ചെലവിൽ കപ്പൽ യാത്ര യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ നോർക്കാ റൂട്ട്സും മാരിടൈം ബോർഡും ചേർന്ന് ആരംഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുള്ള അഭിഭാഷകരുടെ സേവനം ഉപയോഗപ്പെടുത്തി പ്രവാസികൾക്കുള്ള നിയമസഹായം നൽകിവരുന്നുണ്ട്. ഈ മാതൃകയിൽ  യൂറോപ്യൻ രാജ്യങ്ങളിലും ഓഷ്യാനിയ, സെൻട്രൽ  ഏഷ്യാ പ്രദേശങ്ങളിലും നിയമ സഹായസേവനം ലഭ്യമാക്കൽ  പരിഗണിക്കും. നിയമസഹായ പദ്ധതി കൂടുതൽ  ഫലപ്രദമാക്കാൻ വ്യക്തികൾക്കു പകരം ലീഗൽ സ്ഥാപനങ്ങളെ ഏർപ്പെടുത്തും.

        തിരിച്ചെത്തുന്ന പ്രവാസികളിൽ മാനസിക സമ്മർദം അനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ  സംവിധാനങ്ങളുണ്ട്. ഇത് വിപുലപ്പെടുത്തി പ്രാദേശിക തലത്തിൽ കൗൺസിലർമാരുടെയും ഡോക്ടർമാരുടെയും സേവനം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കും. വിദേശരാജ്യങ്ങളിൽ  ഗാർഹിക തൊഴിലാളികൾ നേരിടുന്ന ചൂഷണവും വെല്ലുവിളികളും സർക്കാർ വളരെ ഗൗരവമായെടുക്കുന്നു.  ഇത്തരം പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നതിന് ഇന്ത്യൻ എംബസിയുടെ കീഴിൽ  വനിതാ സെൽ  രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടും.