മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതി വഴി 1000 കോടി രൂപ ചെലവഴിച്ചാണ് സംസ്ഥാനമൊട്ടാകെയുള്ള റോഡുകൾ നവീകരിക്കുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കരയിലെ കരിമ്പിൻകുഴി- കശുവണ്ടി ഫാക്ടറി, ഇടച്ചിറം- മുട്ടത്ത്, മലപ്പാറ- കാരക്കാട് ഏലാ, ചുങ്കത്തറ- കതിരവൻകുന്ന് ക്ഷേത്രം, മീനങ്ങാട് അൽഫോൺസാ റോഡുകളുടെ ഉദ്ഘാടനം കരിമ്പിൻ കുഴിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ 70 ഗ്രാമീണ റോഡുകൾ പൂർത്തീകരിച്ചു. സ്ത്രീസുരക്ഷാ പദ്ധതി, കണക്ട് ടു വർക്ക്, സാമൂഹികക്ഷേമ പെൻഷൻ എല്ലാം കൃത്യമായി ജനങ്ങൾക്ക് ലഭ്യമാക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടെ കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡിന്റെ നിർമാണം ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കും. 1500 പേർക്ക് തൊഴിൽ ചെയ്യാൻ അവസരം ഒരുക്കുന്ന ഐടി പാർക്കിന്റെ നിർമാണവും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രിയ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എസ്. അജികുമാർ, കലയപുരം വാർഡ് മെമ്പർ ബ്ലെസി ജോസ്, പെരുകുളം വാർഡ് മെമ്പർ മോഹൻലാൽ, വെട്ടിക്കവല ബ്ലോക്ക് മെമ്പർ ആർ.രാജേഷ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് സജി കടുക്കാല, പി ടി ഇന്ദുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
