സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ എല്ലാം സ്മാർട്ട് ആകുന്നു എന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.പുതുതായി നിർമ്മിക്കുന്ന ഉമ്മന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്നൂർ വില്ലേജ് ഓഫീസ് ഒരു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാക്കാനാകും.
കൊട്ടാരക്കരയിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടായി മാറുകയാണ്. എഴുകോണിൽ ഷോപ്പിംഗ് കോംപ്ലക്സിന്റെയും മാർക്കറ്റ് സമുച്ചയത്തിന്റെയും അടുത്തായി വില്ലേജ് ഓഫീസ് നിർമ്മിക്കും.

കേരളത്തിലെ വില്ലേജ് ഓഫീസുകളെല്ലാം ഹാളുകളും ഇരിപ്പിടങ്ങളും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ചു വരുന്നു. ജില്ലയിൽ ഡിജിറ്റൽ റീ സർവ്വേ പൂർത്തിയാകുന്നതോടെ ഭൂമിയുടെ വിശദമായ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാകുന്ന വ്യവസ്ഥാപിതമായ സംവിധാനം പ്രാബല്യത്തിൽ വരുമെന്നും മന്ത്രി പറഞ്ഞു.

അഞ്ച് ലക്ഷം പേർക്ക് ലൈഫ് ഭവന പദ്ധതി വഴി വീട് നൽകി. ജില്ലയിൽ 1940 പേർക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. കേരളത്തിൽ നാലേമുക്കാൽ ലക്ഷം ആളുകൾക്ക് ഭൂമി ലഭിച്ചു. കേരളത്തിൽ പട്ടയമേള വിപ്ലവകരമായ മാറ്റമുണ്ടാക്കി. 18 കോടി രൂപ ചെലവഴിച്ചുള്ള കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡ്, 12.9 കോടി ചെലവഴിച്ചുള്ള കൊട്ടാരക്കര കോടതി സമുച്ചയം തുടങ്ങിയവയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബ്രിജേഷ് എബ്രഹാം അധ്യക്ഷനായി. ജില്ലാ കലക്ടർ എൻ. ദേവിദാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എസ് ഷിജു കുമാർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ മനോഹരൻ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ്, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ ആർ.സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനോയി ഉമ്മന്നൂർ,ബിജു പനയറ,ജോസ് അമ്പലക്കര, എ.നവാസ്, അഭിരാമി സുരേഷ്, കൊട്ടാരക്കര തഹസീൽദാർ ജി. മോഹനകുമാരൻ നായർ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.