അങ്കണവാടികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, നിയമ, സാംസ്‌കാരിക, പാര്‍ലമെന്ററി കാര്യ മന്ത്രി എ. കെ ബാലന്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണം പദ്ധതിയില്‍ നിര്‍മിച്ച കോട്ടായി ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കാട്ടുപടി അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അങ്കണവാടികള്‍ക്ക് ആവശ്യമായ പണം സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി അധ്യക്ഷയായി. കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പ്രീത, കോട്ടായി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ബീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നല്‍കിയ ജാതദേവന്‍ നമ്പൂതിരിയെ ചടങ്ങില്‍ ആദരിച്ചു. കുഴല്‍മന്ദം ബ്ലോക്ക് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലളിത ബി. മേനോന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തംഗം എം ആര്‍ ജയരാജ്, കോട്ടായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍ സംസാരിച്ചു.