കൊച്ചി: ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം വിമന്‍സ് അസോസിയേഷന്‍ ഹാള്‍ വളപ്പില്‍ നവോത്ഥാന ചരിത്ര ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നു.  ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ വരെ നിലനിന്നിരുന്ന അയിത്തം, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ജാതി ശ്രേണികള്‍, അസമത്വം, അമ്പലങ്ങളിലെ പ്രവേശന വിലക്ക് തുടങ്ങിയ അനാചാരങ്ങളുടെ ഭീകരത തുറന്നു കാട്ടുന്നതാണ് പ്രദര്‍ശനം.
പണ്ടു നിലനിന്നിരുന്ന അനാചാരങ്ങള്‍, അവക്കെതിരെ ഒറ്റക്കും സംഘടിതമായും നടന്ന പ്രതിഷേധ സമരങ്ങള്‍, അനാചാരങ്ങള്‍ നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ട് വിവിധ നാട്ടുരാജാക്ക•ാര്‍ ഇറക്കിയ ഉത്തരവുകളും വിളംബരങ്ങളും തുടങ്ങി താഴ്ന്നജാതിക്കാര്‍ക്ക് ആരാധന നടത്താന്‍ വിവിധ പ്രദേശങ്ങളില്‍ നവോത്ഥാന നായകര്‍ നടത്തിയ പ്രതിഷ്ഠകള്‍ തുടങ്ങിയവയുടെ സചിത്ര വിവരണമാണ്  ഉള്‍പ്പെടുത്തിയിരിക്കുന്നത്.
താഴ്ന്ന ജാതിയില്‍പെട്ട കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷിദ്ധമായിരുന്നത്,  നമ്പൂതിരി കുടുംബങ്ങളില്‍ നിലനിന്നിരുന്ന സ്മാര്‍ത്ത വിചാരം, കീഴ്ജാതിയില്‍പെട്ട സ്ത്രീകള്‍ക്ക്  മേല്‍വസ്ത്രവും ആഭരണങ്ങളും ധരിക്കുന്നതിലുണ്ടായിരുന്ന വിലക്ക്, താഴ്ന്ന ജാതിക്കാര്‍ക്ക് സത്രത്തില്‍ താമസിക്കുന്നതിനുണ്ടായിരുന്ന വിലക്ക്, വീടുകള്‍ ഓടുമേയുന്നതിലുണ്ടായിരുന്ന നിയന്ത്രണം, പശു പെറ്റാല്‍ അവകാശം പ്രമാണി ഏറ്റെടുക്കുകയും കറവ വറ്റുമ്പോള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്തിരുന്നത്, സാധാരണക്കാരുടെ വീട്ടില്‍ കല്യാണം നടത്തുന്നതിന് സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ക്ക് പണം നല്‍കേണ്ടിയിരുന്ന വ്യവസ്ഥ, മീശവെക്കുക, പല്ലക്കില്‍ സഞ്ചരിക്കുക, തലപ്പാവ് ധരിക്കുക, കുട പിടിക്കുക തുടങ്ങിയവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നികുതി സമ്പ്രദായം, അവര്‍ണര്‍ക്ക് ശമ്പളം നല്‍കാതെ ജോലിയെടുപ്പിച്ചിരുന്ന ഊഴിയം,  ക്ഷേത്രങ്ങളിലെ നരബലിക്കെതിരെ നടന്ന പ്രതിഷേധ സമരം തുടങ്ങി പണ്ടു നിലനിന്നിരുന്ന  നിരവധി അനാചാരങ്ങള്‍ പ്രദര്‍ശനം അനാവരണം ചെയ്യുന്നു.
കേരളത്തിലെ നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, അയ്യങ്കാളി, വൈകുണ്ഠസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, മന്നത്തു പത്മനാഭന്‍ തുടങ്ങിയവര്‍ വിവിധ അനാചാരങ്ങള്‍ക്കെതിരെ നടത്തിയ ചെറുത്തുനില്‍പ്പുകളും പ്രദര്‍ശനത്തില്‍ വിവരിക്കുന്നു.
വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ഇണ്ടന്‍തുരുത്തി ദേവന്‍ നീലകണ്ഠന്‍ നമ്പൂതിരിയെ കാണാനെത്തിയ ഗാന്ധിജിയെ മനയില്‍ പ്രവേശിപ്പിക്കാതെ പുറത്തിരുത്തിയത്, വൈക്കം സത്യഗ്രഹികള്‍ക്ക് ഭക്ഷണം വിളമ്പാന്‍ പഞ്ചാബില്‍നിന്ന് അകാലികള്‍ എത്തിയത്, നായരുടെ കടയില്‍ സിംഗിള്‍ ചായ ആവശ്യപ്പെട്ടതിന് പിഴ ഒടുക്കേണ്ടി വന്ന സംഭവം 1925 ജനുവരിയില്‍ കേരളകൗമുദിയില്‍  വാര്‍ത്തയായത്  തുടങ്ങി കൗതുകകരമായ നിരവധി സംഭവങ്ങളിലൂടെയും പ്രദര്‍ശനം കടന്നുപോകുന്നു.
വിവിധ പ്രദേശങ്ങളില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍  നവോത്ഥാനപ്രവര്‍ത്തനങ്ങളുടെ ഫലമായി  നിര്‍ത്തലാക്കിക്കൊണ്ട് ബന്ധപ്പെട്ട നാട്ടുരാജാക്ക•ാര്‍ പുറപ്പെടുവിച്ച വിളംബരങ്ങളും ഉത്തരവുകളും സന്ദര്‍ശകര്‍ക്ക് നേരിട്ടു വായിക്കാനുള്ള അവസരം കൂടിയാണിത്.
തിരുവിതാംകൂര്‍ കൊച്ചി  മലബാര്‍ ക്ഷേത്ര പ്രവേശന വിളംബരങ്ങള്‍, കേരളത്തിലെ അടിമക്കച്ചവടം നിര്‍ത്തലാക്കിക്കൊണ്ടുള്ള വിളംബരം, സത്യം തെളിയിക്കാന്‍ തിളച്ചയെണ്ണയില്‍ കൈ മുക്കിച്ചിരുന്ന ശുചീന്ദ്രം കൈമുക്ക് നിരോധനം, അടിമവ്യാപാര നിരോധനം, ഊഴിയം നിരോധനം, പൊതുനിരത്തിലൂടെ എല്ലാവര്‍ക്കും സഞ്ചാരിക്കാനുള്ള അനുമതി, ഈഴവ സ്ത്രീകള്‍ക്ക് മേല്‍ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം, പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചത് തുടങ്ങിയവ വ്യക്തമാക്കി ഇറക്കിയ ഉത്തരവുകളുടെ തനിപ്പകര്‍പ്പുകള്‍ തുടങ്ങിയവയും നേരിട്ടു കാണാം.
ആര്‍ക്കൈവ്‌സ് വകുപ്പിന്റെ ചരിത്ര രേഖകളുടെയും  ചിത്രകാരനും അധ്യാപകനുമായ സി.കെ. ഉദയകുമാറിന്റെ നവോത്ഥാന ചിത്രങ്ങളുടെയും പ്രദര്‍ശനവും  വെവ്വേറെ ഒരുക്കിയിട്ടുമുണ്ട്. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാംസ്‌കാരികം, പുരാവസ്തു-പുരാരേഖ വകുപ്പുകള്‍ സംയുക്തമായാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
രാവിലെ 10 മുതല്‍ വൈകീട്ട് ആറു മണിവരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്. പ്രദര്‍ശനം 12 ന് സമാപിക്കും.