കൊച്ചി: ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങള്‍ക്ക് ദീപശിഖാ പ്രയാണത്തോടെ തുടക്കം. ചരിത്രമുറങ്ങുന്ന ചേന്ദമംഗലത്തെ പാലിയം നടയില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍. രഘു പരിപാടി ഉദ്ഘാടനം ചെയ്തു.
ജനനമോ ജാതിയോ മരണമോ കാരണം മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടാന്‍ പാടില്ലെന്നതാണ് ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ കാതലെന്ന് പി.ആര്‍ രഘു പറഞ്ഞു. ചോദ്യം ചെയ്യലുകളെ തിരുത്തിയാണ് ഇന്നത്തെ കേരള സമൂഹം രൂപപ്പെട്ടത്. ഗുരുവായൂര്‍ സത്യാഗ്രഹത്തിലൂടെയും മിശ്രഭോജനത്തിലൂടെയും ക്ഷേത്ര പ്രവേശന വിളംബരത്തിലൂടെയും നേടിയ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന തരത്തിലുള്ള, ചരിത്രത്തെ പിന്നോട്ട് വലിക്കുന്ന, സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിലാണ് ക്ഷേത്ര പ്രവേശന വാര്‍ഷികം വിപുലമായി ആഘോഷിക്കുന്നത്. ഇതെല്ലാം കാലം നമ്മെ പഠിപ്പിക്കും. ഇണ്ടംതുരുത്തി മന ഇന്ന് ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസ് ആയതും സഹോദരന്‍ അയ്യപ്പനെ മിശ്രഭോജനത്തിന്റെ പേരില്‍ വിലക്കിയ വി.വി. സഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിന് പിന്നീട് സഹോദരന്‍ അയ്യപ്പന്‍ സ്മാരക ഹൈസ്‌കൂള്‍ എന്ന പേര് നല്‍കിയതും ഉദാഹരണം. കേസരി ബാലകൃഷ്ണ പിള്ള, പി. കേശവദേവ്, ടി.കെ. ബാലകൃഷ്ണന്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയവരുടെ ഓര്‍മകള്‍ കുടികൊള്ളുന്ന വഴികളിലൂടെയാണ് വിളംബര ജാഥ കടന്നു പോകുന്നത്. സമരത്തില്‍ തല്ലുകൊണ്ട് മരിച്ച കാളിയെന്ന ധീരവനിതയാലും എ.ജി. വേലായുധന്‍ എന്ന ധീര ദേശാഭിമാനിയാലും പവിത്രീകരിക്കപ്പെട്ട മണ്ണാണിതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തി. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗവുമായ ഡോ. കെ.കെ. ജോഷി ജാഥാ ക്യാപ്റ്റനായി നയിച്ച ദീപശിഖാ പ്രയാണത്തിന് പറവൂര്‍ കേസരി കോളേജ്, ചെറായി ജംഗ്ഷന്‍, ഞാറയ്ക്കല്‍ ലേബര്‍ ജംഗ്ഷന്‍, ഗോശ്രീ ജംഗ്ഷന്‍, എറണാകുളം ബോട്ട് ജെട്ടി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. ലൈബ്രറി കൗണ്‍സില്‍ കൊച്ചി താലൂക്ക് സെക്രട്ടറി ഒ.കെ. കൃഷ്ണകുമാര്‍, പറവൂര്‍ താലൂക്ക് പ്രസിഡന്റ് അജിത് കുമാര്‍, സെക്രട്ടറി പി.കെ. രമാദേവി തുടങ്ങിയവര്‍ ദീപശിഖാ പ്രയാണത്തെ അനുഗമിച്ചു.
പുസ്തകങ്ങള്‍ നല്‍കിയാണ് ദീപശിഖാ പ്രയാണത്തെ പാലിയം നടയില്‍ സ്വീകരിച്ചത്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍, വില്ലേജ് കമ്മിറ്റി മഹിളാ അസോസിയേഷന്‍, യുണൈറ്റഡ് ലൈബ്രറി തെക്കുംപുറം, ആശാന്‍ മെമ്മോറിയല്‍, ഗ്രാമശ്രീ വായനശാല, യുവജന വായനശാല, വടക്കുംപുറം പി.കെ ഗ്രാമീണ വായനശാല, കോട്ടയില്‍ കോവിലകം ജനത ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ പാലിയത്ത് നടന്ന സ്വീകരണത്തില്‍ പങ്കെടുത്തു. നവോത്ഥാന നായകരായ കെടാമംഗലം പപ്പുക്കുട്ടി, ചട്ടമ്പി സ്വാമികള്‍, പി കേശവദേവ്, ബി.ആര്‍. അംബേദ്കര്‍, ശ്രീ നാരായണ ഗുരു, പണ്ഡിറ്റ് കറുപ്പന്‍, അയ്യങ്കാളി തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ദീപശിഖാ പ്രയാണത്തിന് പറവൂര്‍ കേസരി കോളേജില്‍ കുട്ടികള്‍ സ്വീകരണം നല്‍കിയത്. സാഹിത്യകാരനായ പറവൂര്‍ ബാബുവും സ്വീകരണത്തില്‍ പങ്കെടുത്തു. കെ.എം സലിം മാസ്റ്റര്‍ മെമ്മോറിയല്‍ ലൈബ്രറി, കരിയമ്പിളി പൊതുജന ഗ്രന്ഥശാല, കൂനമ്മാവ് ബാപ്പുജി മെമ്മോറിയല്‍, തത്തപ്പിള്ളി ശ്രീനാരായണ വായനശാല, കേസരി റോഡ് റസിഡന്‍സ് അസോസിയേഷന്‍, കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയല്‍ ലൈബ്രറി, കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സ്റ്റാഫ് അസോസിയേഷന്‍, കോട്ടപ്പുറം മെമ്മോറിയല്‍ ലൈബ്രറി എന്നിവിടങ്ങളിലെ പ്രതിനിധികള്‍ കേസരി കോളേജിലെത്തിയ ദീപശിഖയ്ക്ക് സ്വീകരണം നല്‍കി.
ചെറായി ജംഗ്ഷനില്‍ പണ്ഡിറ്റ് കെ പി കറുപ്പന്‍ മാസ്റ്റര്‍ സ്മാരക ട്രസ്റ്റ്, ചെറായി ഗ്രാമീണ വായനശാല, ചെറായി പബ്ലിക് ലൈബ്രറി, അഴീക്കോടന്‍ സ്മാരക വായനശാല, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രതിനിധികള്‍ ജാഥയെ സ്വീകരിച്ചു. വിവിധയിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ദീപശിഖാ പ്രയാണം എറണാകുളം വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ സമാപിച്ചു.