കൊച്ചി: മാറ്റങ്ങളുള്‍ക്കൊള്ളാന്‍ തയ്യാറാകുന്ന സമൂഹത്തിനേ പുരോഗതിയും ദിശാബോധവുമുണ്ടാകുകയുള്ളൂവെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷം എറണാകുളം വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ മതനിരപേക്ഷവും പ്രബുദ്ധവുമാകാന്‍ കേരളം ഒരുങ്ങണം. അല്ലെങ്കില്‍ നാടൊന്നാകെ പിന്നോട്ടു പോവുകയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രബലമാവുകയും ചെയ്യും.
വര്‍ത്തമാനകാലം ഊര്‍ജ്ജസ്വലമാക്കുന്നതിലും ഭാവി നിര്‍ണയിക്കുന്നതിലും ചരിത്രത്തിന് വലിയ പങ്കുണ്ട്. ചരിത്രമറിയാത്ത ജനതക്ക് ഭാവി കെട്ടിപ്പടുക്കാനാവില്ല. ചരിത്രത്തിന്റെ നാള്‍വഴികള്‍ ജനങ്ങളിലെത്തിച്ച് കൃത്യമായ ദിശാബോധമുണ്ടാക്കുകയാണ് വാര്‍ഷികാഘോഷ പരിപാടികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. മനസ്സിന്റെയും സംസ്‌കാരത്തിന്റെയും പുനര്‍നിര്‍മിതിയില്‍ കേരളം നവനവോത്ഥാനത്തിന്റെ പാതയിലാണ്. ഭ്രാന്താലയമെന്നു പേരുകേട്ട കേരളം പ്രബുദ്ധകേരളമായത് നവോത്ഥാനത്തിലൂടെയാണ്. മാനവചരിത്രമെന്നത് അറിവിലൂടെ മനസ്സിനെയും ചിന്തകളെയും മാറ്റിയ ചരിത്രമാണ്. സാമൂഹ്യം, സാംസ്‌കാരികം, ശാസ്ത്രം, സംഗീതം തുടങ്ങി ഓരോ മേഖലയും വളര്‍ന്നതും കരുത്താര്‍ജ്ജിച്ചതും ക്രമാനുഗതമായ മാറ്റങ്ങളിലൂടെയാണ്.
മനുഷ്യനെ വിലയ്ക്കു വാങ്ങി പണിയെടുപ്പിക്കുന്നത് ശരിയാണെന്നു വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അതു തെറ്റാണെന്നു സമൂഹം തിരിച്ചറിഞ്ഞപ്പോള്‍ ആ കാലഘട്ടം മാറി. ഇത്തരം നിരവധി സംഭവങ്ങള്‍ ചരിത്രത്തിലുണ്ട്. വിധവാ വിവാഹം സാധ്യമാണെന്ന് വി.ടി.ഭട്ടതിരിപ്പാട് അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ച വിഭാഗവുമുണ്ടായിരുന്നു. പിന്നീട് അതേ സമൂഹം പിന്തുണയുമായി രംഗത്തു വന്നതിനും നാം സാക്ഷ്യം വഹിച്ചു. സതി അനുഷ്ഠാനവും ഉദാഹരണമാണ്.
യഥാര്‍ത്ഥത്തില്‍ മനസ്സിന്റെ നവീകരണമാണ് നവോത്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ഗുരു , അയ്യങ്കാളി, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, ചാവറയച്ചന്‍, മന്നത്തു പത്മനാഭന്‍ , എ.കെ.ജി, കെ. കേളപ്പന്‍, പി.കൃഷ്ണപിള്ള തുടങ്ങിയവര്‍ മനസ്സിന്റെ നവീകരണത്തിനായി പ്രവര്‍ത്തിച്ചവരാണ്. ജാതി മതങ്ങളേക്കാള്‍ വലുത് മനുഷ്യനാണെന്ന ബോധ്യം ഓരോരുത്തര്‍ക്കുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രബുദ്ധതയില്‍ നിന്നും സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയമെന്ന തലത്തിലേക്ക് തിരിച്ചു പോകണോയെന്ന് നാമോരോരുത്തരും ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എം.ആര്‍.സുരേന്ദ്രന്‍ തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരം വായിച്ചു.
വിളംബരത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട് ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന വേദിയില്‍ മന്ത്രി ചെണ്ടകൊട്ടി. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ആന്റണി ജോണ്‍, കെ.ജെ. മാക്‌സി, പി.ടി.തോമസ്, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പി.ആര്‍.രഘു, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.പീതാംബരന്‍, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.കെ.ജോഷി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്‍.സുരേന്ദ്രന്‍ , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടന വേദിക്കു സമീപം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ ചരിത്ര ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.
പുരാവസ്തു പുരാരേഖ വകുപ്പുകള്‍ ഒരുക്കിയ ചരിത്രരേഖകളുടെ പ്രദര്‍ശനവും ചിത്രകാരന്‍ സി.കെ.ഉദയകുമാറിന്റെ നവോത്ഥാനചിത്രങ്ങളുടെ പ്രദര്‍ശനവും വെവ്വേറെ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 നും ആറിനുമിടയില്‍ പ്രദര്‍ശനം സന്ദര്‍ശിക്കാം. പ്രവേശനം സൗജന്യമാണ്.
ആഘോഷങ്ങളുടെ ഭാഗമായി ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് പഞ്ചവാദ്യവും തോല്‍പ്പാവക്കൂത്തും അരങ്ങേറി. മറാത്തി സിനിമയായ സായ്രാത് പ്രദര്‍ശിപ്പിച്ചു. ഇന്ന് (നവംബര്‍ 11) രാവിലെ പത്തിന് വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസമത്സരം സംഘടിപ്പിക്കും. യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി കോളേജ് എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. വൈകിട്ട് മൂന്നിന് ഭരണഘടനയും തുല്യനീതിയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പ്രൊഫ. എന്‍. രമാകാന്തന്‍ മോഡറേറ്ററായ സെമിനാറില്‍ മുന്‍ എം.പി ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡക്കാന്‍ ക്രോണിക്കിള്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ കെ.ജെ. ജേക്കബ്, അഡ്വ. മായാ കൃഷ്ണന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. വൈകിട്ട് ആറിന് ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് കോഴിക്കോട് ചേളന്നൂര്‍ ഗോത്രകലാഗ്രാമത്തിന്റെ പൊലിത്താളം. തുടര്‍ന്ന് ടി വി ചന്ദ്രന്റെ ഡാനി ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.
നവംബര്‍ 12 വൈകിട്ട് മൂന്നിന് വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ നവോത്ഥാനത്തിന്റെ നാള്‍വഴികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍. കേരള മീഡിയ അക്കാദമി ഡയറക്ടര്‍ ഡോ. എം. ശങ്കര്‍ മോഡറേറ്ററാകുന്ന സെമിനാറില്‍ കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട്, അഡ്വ. ഹരീഷ് വാസുദേവന്‍, റിപ്പോര്‍ട്ടര്‍ ടി.വി മാനേജിങ് എഡിറ്റര്‍ അഭിലാഷ് മോഹന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. വൈകിട്ട് ആറിന് ദര്‍ബാര്‍ ഹാള്‍ മൈതാനത്ത് മുദ്ര സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന സത്യം വദ: കര്‍മം ചര: കാക്കാരിശ്ശി നാടകം. തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്റെ കഥാപുരുഷന്‍ എന്ന ചലച്ചിത്രം പ്രദര്‍ശിപ്പിക്കും.