ചരിത്രം നിറഞ്ഞ സദസിനു മുന്നിൽ അരങ്ങേറി
നിറഞ്ഞ സദസിനു മുന്നിൽ വി. ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് നാടകം വീണ്ടും അവതരിച്ചു. ചരിത്രം വേദിയിൽ പുനസൃഷ്ടിക്കപ്പെട്ടപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് ആസ്വാദകർ സ്വീകരിച്ചത്. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഇന്നലെ (നവംബർ 10) വൈകിട്ട് വി. ജെ. ടി ഹാളിൽ നാടകം അരങ്ങേറിയത്.
കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലും കുടുംബശ്രീയും ചേർന്നാണ് നാടകം അവതരിപ്പിച്ചത്. ഒമ്പത് ദശകങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സാമൂഹ്യ പരിഷ്‌കർത്താവുകൂടിയായ വി. ടി. ഭട്ടതിരിപ്പാട് തീപ്പന്തം പോലെ വലിച്ചെറിഞ്ഞ നവോത്ഥാന ആയുധമായിരുന്നു അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം. ഉന്നത വിദ്യാഭ്യാസത്തിനായി മദിരാശിയിലേക്ക് പോകുന്ന മാധവനും പതിമൂന്നുകാരിയായ ദേവകിയുമാണ് പ്രധാന കഥാപാത്രങ്ങൾ. പുതുലോകത്തിന്റെ പ്രഭാതത്തിലേക്ക് ചുവടുവച്ചിറങ്ങുന്ന പെൺകരുത്തിന്റെ സന്ദേശമാണ് നാടകം നൽകിയത്.

കുടുംബത്തിലെ മൂത്ത നമ്പൂതിരിക്കു മാത്രം വേളി വിധിച്ചിരുന്ന സമൂഹത്തിൽ ഇതിനെതിരെ പോരാടുന്ന കുഞ്ചുവും പതിമൂന്നുകാരിയെ വേളി കഴിക്കാനെത്തുന്ന എൺപതുകാരൻ നമ്പൂതിരിയും ഉഴിത്രനും ഓതിക്കനും ഇട്ടങ്ങേലിയും മുത്തശ്ശിയുമെല്ലാം കാഴ്ചക്കാരുടെ മനസിനെ പിടിച്ചുലച്ചു. പെണ്ണകം എന്ന കൂട്ടായ്മയിലുള്ളവരാണ് സ്ത്രീ വേഷങ്ങൾ ചെയ്തത്. ഇതിൽ അധ്യാപികമാരും വിദ്യാർത്ഥിനികളുമുണ്ടായിരുന്നു . മോഹൻ മൈനാഗപ്പള്ളി സംവിധാനം ചെയ്ത നാടകത്തിന്റെ രചന നിർവഹിച്ചത് വി. പി. ജയപ്രകാശ് മേനോനും വടക്കുംതല ശ്രീകുമാറുമാണ്.
