ഓരോ വകുപ്പിന്റെയും മേധാവി ആ വകുപ്പിന്റെ പബ്ലിക് അതോറിറ്റിയാണെന്നും
ഒരു പബ്ലിക്ക് അതോറിറ്റിയുടെ വകുപ്പിലേക്ക് ഒരു വിവരവും അനുബന്ധ കാര്യങ്ങളും തേടാന്‍ ഒരു അപേക്ഷ മതിയാകുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബ്ദുല്‍ ഹക്കിം പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ രണ്ടാം അപ്പീലുകളില്‍ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം. തേടിയ വിവരം ആ വകുപ്പിന്റെ പല ഓഫീസുകളിലും സെക്ഷനുകളിലുമാണുള്ളതെങ്കില്‍ നിയമം 6(3) പ്രകാരം അവിടങ്ങളിലേയ്ക്ക് പകര്‍പ്പുകള്‍ അയച്ച് വിവരം നേരിട്ട് ലഭ്യമാക്കിക്കണം.
എല്ലാ വകുപ്പുകളിലും ഭരണ യൂണിറ്റുള്ള മുഴുവന്‍ ഓഫീസുകളിലും വിഭാഗങ്ങളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും അപ്പീല്‍ അധികാരിയും വേണം. ഇല്ലാത്തിടങ്ങളില്‍ ഉടന്‍ ഉദ്യോഗസ്ഥരെ സ്ഥാനനിര്‍ദ്ദേശം ചെയ്യണമെന്ന് വകുപ്പു മേധാവികളോട് കമ്മിഷണര്‍ ആവശ്യപ്പെട്ടു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വിവരാവകാശ ഓഫീസര്‍മാര്‍ക്കു വേണ്ടി വിവരാവകാശ നിയമത്തില്‍ പ്രത്യേകം പരിശീലനം സംഘടിപ്പിക്കും.
വിവരവകാശ പരിധിയില്‍ വരുന്ന ഓഫീസില്‍ വിവരാവകാശ ഓഫീസര്‍ ഇല്ല എന്നു പറഞ്ഞ് വിവരം നിഷേധിക്കുന്ന നടപടി നിയമ വിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.
വിവരാവകാശ നിയമം പൂര്‍ണ്ണമായും പൗരന്മാരുടെ പക്ഷത്താണെന്നും ഉദ്യോഗസ്ഥര്‍ ജനപക്ഷത്തു നിന്ന് അപേക്ഷകളില്‍ തീര്‍പ്പ് കല്പിക്കണമെന്നും കമ്മിഷണര്‍ ഓര്‍മിപ്പിച്ചു.