തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ടതും ശബരിമല തീർത്ഥാടന പ്രാധാന്യം ഉള്ളതുമായ റോഡുകൾ നവംബർ 5 ന് മുൻപ് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ മാസ്കറ്റ് ഹോട്ടലിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന തലത്തിൽ ശബരിമല മണ്ഡല കാലത്തെ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു സ്പെഷ്യൽ കോർ ടീമിന് രൂപം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായുള്ള കോർ ടീം സംസ്ഥാനത്തെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. കോർ ടീം അംഗങ്ങൾ ചുമതലയുള്ള ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിന്റെയും പ്രവൃത്തികൾ പരിശോധിക്കുകയും ഈ സീസൺ കാലയളവ് മുഴുവൻ പരാതികൾ യഥാസമയം പരിഹരിക്കുകയും ചെയ്യും. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ റസ്റ്റ് ഹൗസുകളിലും പൊതുമരാമത്ത് വകുപ്പിന് ചുമതലയുള്ള ആശുപത്രി സംവിധാനങ്ങളിലും ഏർപ്പെടുത്തും. സിവിൽ, ഇലക്ട്രിക്കൽ ക്രമീകരണങ്ങൾ സമയബന്ധിതമായി പരിശോധിച്ച് പ്രവർത്തന സജ്ജമാക്കും.
ചീഫ് എൻജിനീയർമാർ അടങ്ങുന്ന കോർ ടീം, ബന്ധപ്പെട്ട ജില്ലകളിൽ പരിശോധന നടത്തി നവംബർ 1 ന് റിപ്പോർട്ട് സമർപ്പിക്കണം. റോഡ് ഗതാഗത യോഗ്യമാക്കൽ, റോഡ് സുരക്ഷ ഏർപ്പെടുത്തൽ, അപകടകരമായ മരങ്ങളും മരച്ചില്ലകളും നീക്കം ചെയ്യൽ, ഡ്രൈനേജ് സ്ലാബുകൾ ക്രമീകരിക്കൽ, സ്ട്രീറ്റ് ലൈറ്റുകളുടെ പ്രവർത്തനം എന്നിവ കോർ ടീമിന്റെ പരിശോധനയിൽ ഉറപ്പു വരുത്തും.
ജില്ലകളിലെ റോഡ് പ്രവൃത്തികളുടെ കൺവീനർമാർ അതാത് ജില്ലകളിലെ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർമാർ ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു. കെട്ടിട വിഭാഗം ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ കെട്ടിട വിഭാഗത്തിന്റെ പ്രവൃത്തികളും പ്രത്യേകമായി റസ്റ്റ് ഹൗസുകളുടെ പരാതി ഇല്ലാതെയുള്ള ക്രമീകരണങ്ങളും ഉറപ്പു വരുത്തും. ആശുപത്രികളിലും ഡിസ്പെൻസറികളിലും തടസമില്ലാതെ വൈദ്യുതി വിതരണം ഇലക്ട്രിക്കൽ വിഭാഗം ഉറപ്പാക്കും. സിവിൽ, ഇലക്ട്രിക്കൽ പരാതികൾ അടിയന്തരമായി പരിഹരിക്കുന്നതിന് കെട്ടിട വിഭാഗം ചീഫ് എൻജിനീയർ നേതൃത്വം നൽകും. റസ്റ്റ് ഹൗസുകൾ വൃത്തിയായി സൂക്ഷിക്കുക, ഓൺലൈൻ ബുക്കിംഗുകൾ പരാതി ഉണ്ടാകാത്ത വിധത്തിൽ സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യുക, റസ്റ്റ് ഹൗസുകളിൽ ആവശ്യമായ ജീവനക്കാരുടെ കൃത്യതയാർന്ന സേവനം എന്നിവ കെട്ടിട വിഭാഗം ചീഫ് എൻജിനീയർ ഉറപ്പു വരുത്തും.
പാലം വിഭാഗം ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ പാലങ്ങളുടെ കൈവരികൾ അടക്കമുള്ള സുരക്ഷാപ്രവൃത്തികൾ പരിശോധിക്കുകയും നവംബർ ഒന്നിന് മുൻപ് റിപ്പോർട്ട് നൽകുകയും ചെയ്യും. മണ്ഡലകാല സമയത്ത് വരുന്ന പരാതികൾ അടിയന്തരമായി പരിഹരിച്ചു പോകുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ റോഡ് സുരക്ഷ, മണ്ണിടിച്ചിൽ പോലെയുള്ള പ്രവൃത്തികൾക്ക് റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും ജില്ലാ കളക്ടർമാർ ഫണ്ട് ലഭ്യത ഉറപ്പുവരുത്തണം. മഴ മൂലം ഉണ്ടാകുന്ന വെള്ളക്കെട്ട്, ഡ്രെയിനേജ് ക്ലീനിങ്, മണ്ണിടിച്ചിൽ, അപകടകരമായ മരക്കൊമ്പുകൾ മുറിച്ച് മാറ്റൽ തുടങ്ങിയ പ്രവർത്തനങ്ങൾ ആവശ്യമായി വരുന്ന സമയത്ത് അടിയന്തരമായി നിർവഹിക്കും. ഇത് നടക്കുന്നുണ്ടെന്ന് കോർ ടീമിന്റെ ജില്ലാ ചുമതലയുള്ള ചീഫ് എൻജിനീയർ ഉറപ്പുവരുത്തും. ശബരിമല തീർത്ഥാടകർ കാൽ നടയായി യാത്ര ചെയ്യുന്ന സാഹചര്യമുള്ളതിനാൽ റണ്ണിങ് കോൺട്രാക്ട് പ്രവൃത്തിയിൽ ഉൾപ്പെടുത്തി റോഡരികുകൾ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും.
ശബരിമല ഉത്സവ സീസണുമായി ബന്ധപ്പെട്ട്, ഈ കാലയളവിൽ പിഡബ്ല്യൂഡി ഫോർ യു, ടോൾ ഫ്രീ, കൺട്രോൾ റൂം എന്നിങ്ങനെയുള്ള പരാതി പരിഹാര സംവിധാനങ്ങളിൽ വരുന്ന മുഴുവൻ പരാതികളും അടിയന്തരമായി പരിഹരിക്കും. ശബരിമല ഉത്സവകാലത്ത് വരുന്ന ഇത്തരം പരാതികളിൽ വീഴ്ച വരുത്തുന്നത് പ്രോജക്ട് ഡയറക്ടർ – കെഎസ്ടിപി, കോർ ടീമിലെ അംഗങ്ങൾ എന്നിവർ പരിശോധിച്ച് പരിഹരിക്കുകയും വീഴ്ച വരുത്തിയവരുടെ വിവരങ്ങൾ അടങ്ങുന്ന റിപ്പോർട്ട് സെക്രട്ടറിക്ക് നൽകുകയും ചെയ്യും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ജില്ലകളിൽ റോഡ് സുരക്ഷാ ഇനത്തിൽ അധിക തുക നൽകാൻ കഴിയുമോ എന്നതിന് റോഡ് സുരക്ഷാ ചെയർമാനായ ഗതാഗത വകുപ്പ് മന്ത്രിക്കും കൺവീനർക്കും അടിയന്തരമായി കത്ത് നൽകുന്നതിന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ജലജീവൻ മിഷനുമായി വാട്ടർ അതോറിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ തീർത്ഥാടകരുടെ ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ പൂർത്തീകരിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്താനും തീരുമാനമായി.
ശബരിമലയുമായി ബന്ധപ്പെട്ട് ജില്ലകളിലെ റോഡുകളിൽ നിരന്തരമായി അപകടം ഉണ്ടാകുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും പോലീസിനെയും അറിയിക്കും. ആവശ്യമായ റോഡ് സുരക്ഷാ ഫണ്ട് അവിടെ ലഭിക്കുന്നു എന്നുള്ളത് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുകയും ചെയ്യും. ഈ റോഡുകളിൽ മണ്ണിടിച്ചിൽ ഉണ്ടാകാനിടയുള്ള സ്ഥലങ്ങൾ മുൻകൂട്ടി കണ്ടെത്തി വിവരം ജില്ലാ കളക്ടറെ അറിയിക്കണം. ശബരിമലയുമായി ബന്ധപ്പെട്ട ജില്ലകളിൽ റോഡ് പ്രവൃത്തികൾ നടക്കുന്നത് മൂലം ഗതാഗതം വഴി തിരിച്ചുവിടുന്നുണ്ടെങ്കിൽ അത് മുൻകൂട്ടി അറിയിക്കും. ഇത്തരം റോഡുകൾ കോർ ടീം പ്രത്യേകമായി പരിശോധിക്കുകയും റിപ്പോർട്ട് നൽകുകയും വേണം. ഗതാഗതം തിരിച്ചു വിടുന്നത് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും പോലീസിനേയും അറിയിക്കും. സ്ഥലം വ്യക്തമാകുന്ന രീതിയിലുള്ള ബോർഡുകൾ ആവശ്യമായ ഇടങ്ങളിൽ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.
എറണാകുളം, തൃശൂർ ജില്ലകളിൽ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സംബന്ധിച്ച് റോഡുകൾ പൂർണ സഞ്ചാര യോഗ്യമാണെന്നും വെള്ളക്കെട്ടില്ല എന്നും ഉറപ്പു വരുത്തും. റോഡുകളിൽ ആവശ്യമായ ബോർഡുകളും ക്രമീകരണങ്ങളും മുൻകൂട്ടി സജ്ജീകരിക്കും. ഇത് വ്യക്തമായി കാണിച്ചുകൊണ്ട് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകണം. പൊതുവിൽ റണ്ണിങ് കോൺട്രാക്ട് പദ്ധതികൾ കൊണ്ട് വന്നതിന്റെ മാറ്റം റോഡുകളിൽ പ്രതിഫലിക്കത്തക്കവിധം പ്രവൃത്തികൾ നടത്തും. നിലവിലെ ഉത്തരവാദിത്തങ്ങൾക്ക് പുറമേയാണ് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നൽകുന്ന പ്രത്യേക ചുമതലകൾ നിർവ്വഹിക്കേണ്ടത്. സുഗമമായതും അപകട രഹിതവുമായ ശബരിമല ഉത്സവകാലമാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നതെന്നും ഇതിനായി വകുപ്പ് ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാഴൂർ സോമൻ തുടങ്ങയവർ യോഗത്തിൽ ഓൺലൈനായി സംബന്ധിച്ചു. പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഷിബു എ, പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എസ്, കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ, പൊതുമരാമത്ത് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.