കാസര്‍കോട് ജില്ലയില്‍ പരാതികളുടെ എണ്ണം പൊതുവേ കുറവായിരുന്നുവെന്നും വനിതാ കമ്മീഷന്റെ നിരന്തരമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി കമ്മീഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ. കാസര്‍ഗോഡ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മീഷന്‍ സിറ്റിങ്ങിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷന്‍ അംഗം.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍, ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടവ, വഴിതര്‍ക്കങ്ങള്‍, സ്വത്ത് തര്‍ക്കങ്ങള്‍, ആരോഗ്യരംഗത്തെ കൃത്യവിലോപം തുടങ്ങിയ പരാതികളാണ് കമ്മീഷന് മുന്നിലെത്തിയത്. സ്ത്രീ പ്രശ്നങ്ങളെ സാമാന്യവത്ക്കരിക്കുന്ന പ്രവണത സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അത് മാറേണ്ടതാണെന്നും അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. സൗഹൃദങ്ങള്‍ ചൂഷണം ചെയ്യുകയും അതിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും തുടര്‍ന്ന് സങ്കീര്‍ണമാകുന്ന പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതുമായ പരാതികളും കമ്മീഷന് മുന്നിലെത്തി. സ്വകാര്യ സ്ഥാപനങ്ങളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ പിരിച്ചു വിടുന്ന പ്രവണതയും വര്‍ധിക്കുന്നു.
വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്ക് പോലും സ്ഥാപനങ്ങളിലെ ആഭ്യന്തര പരാതി പരിഹാര കമ്മറ്റികളെ കുറിച്ചും തദേശ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികളെക്കുറിച്ചും അറിവില്ലായ്മയുണ്ട്. കമ്മീഷന്റെ വിവിധ ബോധവത്ക്കരണ ക്ലാസുകളും പ്രവര്‍ത്തനങ്ങളും തുടരുകയാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.
കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 43 പരാതികള്‍ പരിഗണിച്ചു. 13 ഫയലുകള്‍ തീര്‍പ്പാക്കി. 30 ഫയലുകള്‍ അടുത്ത് അദാലത്തിലേക്ക് മാറ്റിവച്ചു. വനിതാ സെല്‍ എ.എസ്.ഐ ശൈലജ, വനിതാ സെല്‍ സി.പി.ഒ അമൃത, വനിത കമ്മീഷന്‍ എസ്.ഐ മിനി മോള്‍, രമ്യ മോള്‍, അഡ്വക്കേറ്റ് ഇന്ദിര തുടങ്ങിയവര്‍ പങ്കെടുത്തു.