രണ്ടു പുസ്തകങ്ങൾ. രണ്ടും എഴുത്തുകാരികളുടേത്. പേരു കേട്ടാൽ ഒന്നു വായിക്കാൻ തോന്നും. അത്ര സുന്ദരം. അടരുവാൻ വയ്യെന്റെ പ്രണയമേ…., പങ്കുവയ്ക്കപ്പെട്ട പൊതിച്ചോറുകൾ. മധുരം കിനിയുന്ന, സുന്ദരമായ പേരുകൾ. എഴുത്തിനുമുണ്ട് അതിലേറെ ചന്തം.

വെളളിയാഴ്ച നിയമസഭാ പുസ്തകോത്സവത്തിലാണ് രണ്ടു പുസ്തകങ്ങളും പ്രകാശനം ചെയ്തത്. സറീന ഉമ്മു സമാന്റേതാണ് അടരുവാൻ വയ്യെന്റെ പ്രണയമേ. അജിത വി അമ്പലപ്പുഴയാണ് പങ്കുവയ്ക്കപ്പെട്ട പൊതിച്ചോറുകൾ എഴുതിയത്.

അടരുവാൻ വയ്യെന്റെ പ്രണയമേ എന്ന പുസ്തകം നിയമസഭാ സ്പീക്കർ എ എൻ ഷംസീർ എഡിജിപി പി വിജയന് നൽകി പ്രകാശനം ചെയ്തു. പങ്കുവയ്ക്കപ്പെട്ട പൊതിച്ചോറുകൾ എഡിജിപി പി വിജയൻ മാധ്യമ പ്രവർത്തകനായ ശരത്ചന്ദ്രന് നൽകി പ്രകാശനം ചെയ്തു. ഹരിതം ബുക്‌സാണ് രണ്ട് പുസ്തകങ്ങളുടെയും പ്രസാധകർ.

അടരുവാൻ വയ്യെന്റെ പ്രണയമേ മുംബൈയിലെ ചുവന്നതെരുവിലെ സ്ത്രീയുടെ പ്രണയം വിഷയമാക്കിയുള്ള നോവലാണ്. സറീന ഉമ്മു സമാന്റെ അഞ്ചാമത്തെ പുസ്തകമാണിത്. സ്‌കൂൾ അധ്യാപികയായ അജിത വി അമ്പലപ്പുഴയുടെ 23 വർഷത്തെ അധ്യാപന ജീവിത അനുഭവ കഥകളാണ് പങ്കുവയ്ക്കപ്പെട്ട പൊതിച്ചോറുകൾ. കുട്ടികളുടെ ജീവിതം, പ്രണയം, പിണക്കം, വിജയം ഒക്കെ കഥകളായുണ്ട്. അജിതയുടെ രണ്ടാമത്തെ പുസ്തകമാണിത്.

ലോകത്തെ ഏറ്റവും പ്രശസ്തമായ ഫ്രാങ്ക്ഫർട്ട് ബുക്ക് ഫെസ്റ്റിവൽ മാതൃകയിലേക്ക് കേരള നിയമസഭ പുസ്തകോത്സവത്തെ മാറ്റാനാകുമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. പുസ്തകോത്സവത്തിന് മികച്ച ജനപങ്കാളിത്തം ലഭിക്കുന്നുണ്ട്. ഇത് അടുത്ത എഡിഷനുകളിലേക്കുള്ള ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നു. വലിപ്പച്ചെറുപ്പമില്ലാതെ പ്രസാധകർ മേളയിൽ പങ്കെടുക്കുന്നു. സ്‌കൂൾ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൂടിയതായി സ്പീക്കർ പറഞ്ഞു.

കേരളം ഏത് പദ്ധതി നടപ്പിലാക്കിയാലും അതിന് ഒരു ബൗദ്ധിക കാഴ്ചപ്പാട് ഉണ്ടാവുമെന്ന് എഡിജിപി പി. വിജയൻ പറഞ്ഞു. കുടുംബശ്രീ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജനമൈത്രി തുടങ്ങിയ പദ്ധതികൾ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതേ നിലയിൽ നിയമസഭാ പുസ്തകോത്സവം ശ്രദ്ധനേടുന്നുണ്ടെന്ന് പി വിജയൻ പറഞ്ഞു.