ആലപ്പുഴ: ആലപ്പുഴ നഗരത്തിലുൾപ്പടെ അനുഭവപ്പെടുന്ന കുടിവെള്ള പ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ജലവിഭവ വകുപ്പ് അധികൃതർക്ക് നിർദേശം നൽകി. ജില്ല കളക്ടർ എസ്.സുഹാസിന്റെ ചേമ്പറിൽ വിളിച്ചുവരുത്തിയാണ് മന്ത്രി ജലഅതോറിട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ഷീജയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. നഗരത്തിലുൾപ്പടെയുള്ള വിതരണ ശൃംഖല വിപുലീകരിച്ച് കുടിവെള്ള ലഭ്യത നൂറുശതമാനവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
അമ്പലപ്പുഴ-തിരുവല്ല റോഡിൽ നിരന്തരം പൈപ്പുപൊട്ടി ശുദ്ധജലം പാഴാകുന്ന കേളമംഗലം ഭാഗത്ത് അടിയന്തരമായി പൈപ്പ് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിക്കാനാണ് നിർദേശം. ഇതുമൂലം ആലപ്പുഴ നഗരത്തിലുൾപ്പടെ കനത്ത ജലക്ഷാമം നേരിടുന്നതായി പരാതി വ്യാപകമാണെന്ന് മന്ത്രി പറഞ്ഞു. പൈപ്പുകൾ മാറ്റുന്നതിനാവശ്യമായ എസ്റ്റിമേറ്റെടുത്ത് തുടർനടപടി വേഗത്തിലാക്കാനാണ് നിർദേശം.
അമൃത് പദ്ധതിയിലുൾപ്പെടുത്തി നഗരത്തിൽ മാത്രം 300 കിലോമീറ്റർ ദൂരത്തിൽ പുതിയ പൈപ്പിടേണ്ടതുണ്ട്. ഇക്കാര്യം റോഡ് ഫണ്ട് ബോർഡുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കാനാണ് മറ്റൊരു നിർദേശം. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ രണ്ടു പ്രദേശങ്ങളിലായി 80 കിലോമീറ്റർ പൈപ്പിട്ട് വിതരണശൃംഖല മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ എസ്റ്റിമേറ്റും അടിയന്തരമായി എടുത്ത് തുടർനടപടി സ്വീകരിക്കാനാണ് നിർദേശം.