ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ പുറത്തിറക്കിയ ‘തമസോ മാ ജ്യോതിർഗമയ – ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് ‘ നവോത്ഥാന ചരിത്രങ്ങളടങ്ങിയ പുസ്തകം ശ്രദ്ധ നേടുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് പുസ്തകം പുറത്തിറക്കിയത്. 60 പേജുള്ള പുസ്തകത്തിന്റെ വില 10 രൂപയാണ്. പ്രൊഫസർ വി. കാർത്തികേയൻ നായർ, ഡോ. കെ.എൻ ഗണേഷ്, ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ എന്നിവരുടെ ചരിത്ര ഗവേഷണങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അപൂർവ്വ ചിത്രങ്ങളും വരകളും ഉൾപ്പെടുത്തിയ പുസ്തകം കുട്ടികൾക്കടക്കം ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. കേരള നവോത്ഥാന ചരിത്രത്തിന്റെ നാൾവഴികൾ അറിയുന്നതിനോടൊപ്പം മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും തമസോ മാ ജ്യോതിർഗമയ ഏറെ ഉപകാരപ്പെടും. ക്ഷേത്രപ്രവേശന വിളംബരം, കല്ലുമാല സമരം, വൈക്കം സത്യാഗ്രഹം, വില്ലുവണ്ടി സമരം, ഗുരുവായൂർ സത്യാഗ്രഹം, നമ്പൂതിരി സമുദായത്തിൽ വിധവാ വിവാഹം തുടങ്ങിയ ചരിത്ര സംഭവങ്ങളെക്കുറിച്ചും നവോത്ഥാന നായകരെ കുറിച്ചുള്ള വിവരണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് പുസ്തകം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ നിന്നും ലഭിക്കും.