മാവേലിക്കര: കലോത്സവ വേദിയിൽ എക്സൈസ് വകുപ്പിന്റെ ‘വിമുക്തി’ ലഹരി മുക്ത പ്രചരണത്തിന്റെ ഭാഗമായി ചിത്രപ്രദർശനം, ഫിലിം ഷോ എന്നിവ നടത്തി. സ്കൂൾ വിദ്യാർത്ഥികളും എക്സൈസ് വകുപ്പും ചേർന്ന് തയ്യാറാക്കിയ ചിത്രങ്ങൾ, ലഘുലേഘകൾ എന്നിവയാണ് പ്രദർശനത്തിലുള്ളത്. ലഹരി മരുന്നുകളുടെ ദൂഷ്യവശങ്ങളുൾക്കൊള്ളിച്ച വീഡിയോകളാണ് പ്രദർശിപ്പിക്കുന്നത്. ലഹരിക്ക് അടിമയായവരെ മോചിപ്പിക്കാനായി ലഹരി നിയന്ത്രണ സെന്ററുകളുടെ വിവരങ്ങൾ, ലഭ്യമാക്കാവുന്ന ചികിത്സ സൗകര്യങ്ങൾ എന്നിവയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശനവും ഫിലിം ഷോയും സന്ദർശിക്കുന്നവർക്കായി ക്വിസ് മത്സരവും നടത്തുന്നുണ്ട്. ഓരോ മണിക്കൂർ ഇടവിട്ടുള്ള നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന വിജയികൾക്ക് സമ്മാനവും വിതരണം ചെയ്യും. എക്സൈസ് ഇൻസ്പെക്ടർ വി.ജെ. റോയി, വിമുക്തി കോ-ഓർഡിനേറ്റർ ജി. ജയകൃഷ്ണൻ, പ്രിവന്റീവ് ഓഫീസർ സദാനന്ദൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആര്യാ ദേവി എന്നിവരാണിതിനു പിന്നിൽ.
