സംസ്ഥാനത്തെ ബി.ബി.എ, ബി.സി.എ ഡിഗ്രി കോഴ്സുകളുടെ പ്രവേശനത്തിന് ഏകജാലക സംവിധാനം നിലവിൽ വന്നതിന്റെ ഭാഗമായി എൽ.ബി.എസ് സെന്റർ മുഖേന അപേക്ഷ ക്ഷണിച്ചു. ബി.ബി.എ പ്രവേശനത്തിന് അപേക്ഷകർ പ്ലസ്ടു, തത്തുല്യ പരീക്ഷയിൽ 45 ശതമാനം മാർക്കോടെ പാസായിരിക്കണo. ബി.സി.എ പ്രവേശനത്തിന് പ്ലസ്ടു/ തത്തുല്യം അല്ലെങ്കിൽ ഡിപ്ലോമ ഇൻ എൻജിനിയറിങ്/ കൊമേർഷ്യൽ പ്രാക്ടീസ്/ തത്തുല്യം പരീക്ഷയിൽ 45 ശതമാനം മാർക്കോടെ പാസ്സായിരിക്കണo. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 5 ശതമാനം മാർക്ക് ഇളവുണ്ട്. എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ മെറിറ്റ് സീറ്റിലേക്ക് പ്രവേശനം ലഭിക്കുകയുള്ളു.
തിരഞ്ഞെടുക്കപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും. പരീക്ഷ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്. www.lbscentre.kerala.gov.in വഴി ഓൺലൈനായി ജൂൺ 12 മുതൽ 25 വരെ അപേക്ഷാ ഫീസ് ഒടുക്കി അപേക്ഷ സമർപ്പിക്കാം.
പൊതുവിഭാഗത്തിന് 1,300 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 650 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.