വയനാട്: തമിഴ്‌നാട്ടിൽ നാശം വിതച്ച ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായവരെ സഹായിക്കാനായി ജില്ലാ ഭരണകൂടത്തിന്റെ കൈത്താങ്ങ്. ഒരു ലോഡ് ആവശ്യ വസ്തുകൾ ദുരിതബാധിത പ്രദേശമായ തഞ്ചാവൂർ ജില്ലയിലെ പട്ടുക്കോട്ടയിലേക്ക് അയച്ചു. ജില്ലാകളക്ടർ എ.ആർ. അജയകുമാർ കളക്ടറേറ്റിൽ നിന്നും ലോഡുമായി തിരിച്ച വാഹനത്തിന് ഫ്‌ളാഗ് ഓഫ് നൽകി. അരി, ബിസ്‌ക്കറ്റ്, പരിപ്പ്, വസ്ത്രങ്ങൾ, ചെരിപ്പ്, നാപ്കിൻ, സ്റ്റൗ, പുതപ്പ്, താർപോളിൻ ഷീറ്റ് തുടങ്ങിയ അവശ്യ വസ്തുകളാണ് അയച്ചത്. തരംതിരിച്ച് പായ്ക്ക് ചെയ്ത് എണ്ണം തിട്ടപ്പെടുത്തിയാണ് ഭക്ഷണ സാധനങ്ങളടക്കം ഗജ ചുഴലിക്കാറ്റ് ബാധിർക്കായി എത്തിക്കുക. വരും ദിവസങ്ങളിലും അവശ്യവസ്തുകൾ അയക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഇതിനായി കളക്ടറേറ്റിൽ റിലീഫ് മെറ്റിരിയൽ കളക്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.