ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ വയനാടിനെ സമ്പൂർണ വിശപ്പുരഹിത ജില്ലയായി പ്രഖ്യാപിക്കുന്നതുമായി ഭാഗമായി താലൂക്കുതല യോഗങ്ങൾ നവംബർ 26 മുതൽ ചേരും. ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്ക് കോൺഫറൻസ് ഹാളുകളിലായി യഥാക്രമം നവംബർ 26, 27, 28 തിയതികളിലാണ് യോഗം. തഹസിൽദാർമാരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ, പൊലീസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും. ഉദ്യമത്തിൽ സഹകരിക്കുന്ന ഹോട്ടലുകളുടെ വിശദാംശങ്ങൾ യോഗത്തിൽ അവതരിപ്പിക്കും. വൈത്തിരി, പടിഞ്ഞാറത്തറ, കമ്പളക്കാട്, ചുണ്ടേൽ, കാട്ടിക്കുളം, കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, പനമരം, മേപ്പാടി, വാളാട്, തലപ്പുഴ, മീനങ്ങാടി തുടങ്ങി 15 ടൗണുകളിലാണ് പദ്ധതി നടപ്പാക്കുക. വിശക്കുന്ന ഒരാൾപോലും ജില്ലയിലുണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണിത്. ആശുപത്രികൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സർക്കാർ സംവിധാനം വഴി കൂപ്പണുകൾ വിതരണം ചെയ്യും. ഇതുപയോഗിച്ച് പദ്ധതിയുടെ ഭാഗമായി സ്റ്റിക്കർ പതിച്ച ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാം. യോഗത്തിൽ താലൂക്ക് തഹസിൽദാർമാർ, ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.