പമ്പ, ശരണപാത, സന്നിധാനം എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് പ്രതിദിനം 6.60 ലക്ഷം ലിറ്റർ ശുദ്ധീകരിച്ച കുടിവെള്ളം വിതരണം ചെയ്യുന്നതായി ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. 139 കിയോസ്കുകളിലായി 312 ടാപ്പുകളാണ് ഇതിനായി സ്ഥാപിച്ചിട്ടുള്ളത്. ഇതിനുപുറമെ 130 ലക്ഷം ലിറ്റർ ശുദ്ധജലം പമ്പ, സന്നിധാനം, ശരണപാത എന്നിവിടങ്ങളിൽ വിതരണം ചെയ്യുന്നു. 11 ആർ.ഒ പ്ലാന്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ചൂട്, തണുപ്പ്, സാധാരണ വെള്ളം ലഭിക്കുന്ന 12 ഡിസ്പെൻസറുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 24 മണിക്കൂറും വെള്ളം ലഭിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി, ത്രിവേണി സ്റ്റോർ, പമ്പ ഐബി, നീലിമല ടോപ്പ് കാർഡിയോളജി സെന്റർ, പമ്പ് ഹൗസ്, ആപ്പാച്ചിമേട് പമ്പ് ഹൗസ്, കാർഡിയോളജി സെന്റർ, ശബരീപീഠം, ശരംകുത്തി, സന്നിധാനം ഐബി എന്നിവിടങ്ങളിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
നിലയ്ക്കലിൽ 40 ലക്ഷം ലിറ്റർ ശേഷിയുള്ള സംഭരണിക്കുപുറമേ വാട്ടർ അതോറിറ്റി 25.75 ലക്ഷം ലിറ്റർ ജലം സംഭരിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. 27 ആർ.ഒ പ്ലാന്റുകൾ വഴി 5.40 ലക്ഷം ലിറ്റർ കുടിവെള്ളം 153 കിയോസ്കുകളിലൂടെ വിതരണം ചെയ്യുന്നു. ശുചിമുറികളിലും ജലം ലഭ്യമാക്കിയിട്ടുണ്ട്.
സീതത്തോട്, പമ്പ ജലശുദ്ധീകരണശാലകളിൽ നിന്ന് ടാങ്കർ ലോറികളിൽ കുടിവെള്ളം നിലക്കലിലേക്ക് എത്തിക്കുന്നു. പ്രതിദിനം 15 മുതൽ 20 ടാങ്കർ ലോറികൾ ഇതിനായി ഉപയോഗിക്കുന്നു. പുതിയതായി സ്ഥാപിച്ച രണ്ട് കുഴൽകിണറുകളും പ്രവർത്തനസജ്ജമാണ്. കൂടുതൽ തീർത്ഥാടകർ എത്തുന്ന മുറയ്ക്ക് നിലയ്ക്കലിൽ കൂടുതൽ വാട്ടർ കിയോസ്കുകൾ സ്ഥാപിക്കാൻ അധിക യൂണിറ്റുകൾ സംഭരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ശബരിമലയുടെ പ്രധാന ഇടത്താവളങ്ങളായ പന്തളം, കുളനട, റാന്നി, വടശ്ശേരിക്കര, എരുമേലി, പെരിനാട്, ളാഹ, പ്ലാപ്പള്ളി, കോട്ടയം തിരുനക്കര, ചാലക്കയം എന്നിവിടങ്ങളിൽ ശുദ്ധജലം നൽകാൻ വാട്ടർ അതോറിറ്റി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കായി പമ്പയിൽ വാട്ടർ അതോറിറ്റിയുടെ ലാബ് പ്രവർത്തിക്കുന്നു. നിലയ്ക്കലിൽ ഗുണനിലവാര പരിശോധനയ്ക്ക് താത്കാലിക ലാബും സജ്ജമാണ്.
ജലവിതരണ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പത്തനംതിട്ട/അടൂർ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം 24 മണിക്കൂർ പ്രവർത്തിക്കുന്നു.