ആലപ്പുഴ: കളക്ടറേറ്റ് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിലുളള പച്ചിലക്കൂട്ട് പരിസ്ഥിതി സംഘടനയുടെ നേതൃത്വത്തിൽ നാട്ടറിവ് സൈക്കിൾ റാലി നടത്തി. ആലപ്പുഴയിലെ ഗ്രാമപ്രദേശങ്ങളിലെ ജൈവ കൃഷി നടക്കുന്ന സ്ഥലങ്ങൾ നേരിൽ സന്ദർശിച്ച് ജൈവപാഠങ്ങളുൾക്കൊണ്ടുള്ള അറിവ് ശേഖരണമാണ് സൈക്കിൾ റാലിയിലൂടെ പച്ചിലക്കൂട്ട് സംഘം ലക്ഷ്യമിടുന്നത്. കളക്ടറേറ്റ് വളപ്പിൽ നിന്നാരംഭിച്ച സൈക്കിൾ റാലി പരിസ്ഥിതി പ്രവർത്തകനായ കെ.വി ദയാലിന്റെയും കഞ്ഞിക്കുഴിയിലെ ജൈവ കർഷകരുടേയും കൃഷിയിടങ്ങൾ സന്ദർശിക്കും. അവരുടെ നിർദ്ദേശമുൾക്കൊണ്ട് കളക്ടറേറ്റ് വളപ്പിൽ ജൈവ പച്ചക്കറി നട്ടുവളർത്താനാണ് പച്ചിലക്കൂട്ട് ടീമിന്റെ ലക്ഷ്യം. സൈക്കിൾ റാലി ജില്ലാ കളക്ടർ എസ്.സുഹാസ് ഫ്ളാഗ് ഓഫ് ചെയ്തു. ഹുസൂർ ശിരസ്തദാർ ഒ.ജെ ബേബി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വിനോദ് ജോൺ, എസ്.സജീവ്, കെ.വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. മുൻ കളക്ടർ ടി.വി അനുപമ തുടങ്ങിവച്ച പരിസ്ഥിതി സംഘമാണ് പച്ചിലക്കൂട്ട്.
