സുൽത്താൻ ബത്തേരി നഗരസഭയിൽ കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ മാസച്ചന്ത ആരംഭിച്ചു. സുൽത്താൻ ബത്തേരി നഗരസഭ, നൂൽപ്പുഴ, നെൻമേനി, അമ്പലവയൽ, മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിന്റെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് നഗരസഭ ഹാളിനു സമീപം ചന്ത പ്രവർത്തിക്കുന്നത്. പച്ചക്കറികൾ, ധാന്യപ്പൊടികൾ, കുടുംബശ്രീ ഉൽപന്നങ്ങൾ എന്നിവ മിതമായ നിരക്കിൽ ഇവിടെ നിന്നു പൊതുജനങ്ങൾക്ക് ലഭ്യമാവും. നഗരസഭാ അദ്ധ്യക്ഷൻ ടി.എൽ. സാബു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി. സാജിത ആദ്യ വിൽപന നടത്തി. നഗരസഭ ഉപാധ്യക്ഷ ജിഷ ഷാജി, സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.കെ. സഹദേവൻ, എൽസി പൗലോസ്, പി.കെ. സുമതി, ബാബു അബ്ദുറഹിമാൻ, വൽസാ ജോസ്, കൗൺസിലർമാരായ ഷേർളി കൃഷ്ണൻ, സാലി പൗലോസ്, ശാന്ത ഗോപാലൻ, ടിന്റു രാജൻ, സിഡിഎസ് ചെയർപേഴ്‌സൺ നീതു മനോജ്, ഷൈമോൻ ദേവസ്യ തുടങ്ങിയവർ സംസാരിച്ചു.