നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ ഗവ. ആർവിഎൽപി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇപ്പോള്‍ പഠനം കൂടുതൽ രസകരമാണ്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്ന് 2,84,000 രൂപ മുടക്കി സ്കൂളിൽ നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയാണ് അവരുടെ പഠനം രസകരമാക്കുന്നത്. പഞ്ചായത്തിലെ വിദ്യാർഥികൾക്ക് പഠനത്തിൽ സാങ്കേതിക വിദ്യയുടെ സഹായമുറപ്പിക്കാൻ ഇതിലൂടെ പഞ്ചായത്തിനായെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ തങ്കച്ചൻ പറഞ്ഞു.

നാലാം വാർഡില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലെ ശീതീകരിച്ച മുറിയില്‍ ലാപ്ടോപ്പ്, ഡിജിറ്റൽ റൈറ്റിംഗ് ബോർഡ്, ശിശു സൗഹൃദ ഇരിപ്പിടങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ആകെ 52 കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. 16 വിദ്യാർഥികൾ പഠിക്കുന്ന നാലാം ക്ലാസ്സിലാണ് സ്മാർട്ട്‌ ക്ലാസ് മുറി ഒരുക്കിയത്. പുതിയ മാറ്റത്തിലൂടെ വിദ്യാർഥികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രായോഗിക അറിവ് നേടാനുള്ള അവസരമൊരുക്കുക കൂടിയാണ് ലക്ഷ്യമിട്ടതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ തങ്കച്ചൻ പറഞ്ഞു.