ഇരിങ്ങാലക്കുടയുടെ ആദ്യ ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയായ പൊതുമ്പു ചിറയോരം ഉന്നതവിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു. ടൂറിസം മേഖലയിൽ പുത്തൻ കാഴ്ചപ്പാടോടുകൂടി വിവിധ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറുകയാണ് സംസ്ഥാനമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. പ്രകൃതിയുടെ സൗന്ദര്യത്തെ പ്രയോജനപ്പെടുത്തി കൊണ്ടാണ് സംസ്ഥാനത്ത് ടൂറിസം വകുപ്പ് മുന്നോട്ടുപോകുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന ടൂറിസം വകുപ്പ് ഫണ്ട് അമ്പതു ലക്ഷം രൂപയും ഇരിങ്ങാലക്കുട എംഎൽഎയുടെ വികസനനിധിയിൽ നിന്നും 25 ലക്ഷം രൂപയും മുരിയാട് ഗ്രാമപഞ്ചായത്തിൻ്റെ 21 ലക്ഷം രൂപയും കൂടി ഉപയോഗപ്പെടുത്തിയാണ് പൊതുമ്പു ചിറയോരം പദ്ധതി യാഥാർഥ്യമാക്കിയത്. പദ്ധതി പ്രദേശത്തേക്കുള്ള ആമ്പിപ്പാടം-പൊതുമ്പുചിറ റോഡ് എംഎൽഎ ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ചിരുന്നു.

സംസ്ഥാന ടൂറിസം വകുപ്പ് ഫണ്ട്, എംഎൽഎ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ സംയോജിപ്പിച്ചു കൊണ്ട് മൂന്ന് ഘട്ടങ്ങളിലായാണ് നിർമ്മാണം പൂർത്തീകരിക്കുക. പൂർത്തിയായ ഒന്നും രണ്ടും ഘട്ടങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. മൂന്നു ഘട്ടങ്ങളിലായി പൂർണ്ണരൂപത്തിലെത്തിക്കാൻ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയിൽ ചിറയോരത്ത് പ്രകാശവിതാനവും ഇരിപ്പിടങ്ങളുമൊരുക്കൽ, വ്യൂ പോയിൻ്റ്, ഹാപ്പിനസ് പാർക്ക്, കോഫീ ഷോപ്പ്, കനോപ്പി, ശുചിമുറികൾ, ഓപ്പൺ ജിം, ഫൗണ്ടൻ തുടങ്ങിയവ അടങ്ങിയ രണ്ടു ഘട്ടങ്ങളാണ് ഉദ്ഘാടനം ചെയ്യതത്. പൊതുമ്പുചിറയുടെ ആകെ സൗന്ദര്യവത്ക്കരണം ഇതിനായി പൂർത്തിയാക്കിയിട്ടുണ്ട്. പദ്ധതിപ്രദേശമാകെ സി സി ടി വി നിരീക്ഷണത്തിലാക്കി സുരക്ഷിതത്വമൊരുക്കിയിട്ടുമുണ്ട്.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് എന്നിവർ വിശിഷ്ടാതിഥികളായി.