ആലപ്പുഴ : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ബാലസഭ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പട്ടണക്കാട് ബ്ലോക്ക് തലത്തിലെ ബാലസഭ കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ചേർത്തല ബിഷപ്പ്മൂർ വിദ്യാപീഠം മൈതാനത്ത്് നടന്ന ടൂർണമെന്റ് വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ബാബു ഉദ്ഘാടനം ചെയ്തു. വയലാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. ശശിധരൻ അധ്യക്ഷത വഹിച്ചു.ബ്ലോക്കിലെ ഏഴ് പഞ്ചായത്തിൽ നിന്നും ഏഴ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ എഴുപുന്ന പഞ്ചായത്ത് ജേതാക്കളായി. കോടംതുരുത്ത് പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി. തുറവൂർ പഞ്ചായത്തിലെ സുദേവ് എസ്. ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുത്തു. എഴുപുന്ന പഞ്ചായത്തിലെ അമൽജിത്ത് ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായപ്പോൾ തുറവൂർ പഞ്ചായത്തിലെ എസ്. അനന്തു ഏറ്റവും മികച്ച ഗോൾകീപ്പറിനുമുള്ള പുരസ്‌കാരവും കരസ്ഥമാക്കി. വൈകിട്ട് നടന്ന സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ നിർവഹിച്ചു. വയലാർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ജനാർദ്ധനൻ, വയലാർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ രജനി സന്തോഷ്, സി.ഡി.എസ് ചെയർപേഴ്സൺമാരായ പൊന്നമ്മ തങ്കപ്പൻ, സുധർമ്മണി ബാബുരാജ്, ജയശ്രീ സതീശൻ, സതിക സുരേന്ദ്രൻ, വിജി മജു, രേണുക ദിനേശൻ എന്നിവർ പ്രസംഗിച്ചു.
