ആലപ്പുഴ: കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷൻ ലേബർ സൊസൈറ്റിയുടെ പ്രവർത്തന ഉദ്ഘടനവും നിർമ്മാണ മേഖലയിലെ കുടുംബശ്രീ സംരംഭകരുടെ സംഗമവും ഡിസംബർ ഒന്നിന് രാവിലെ 9 ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും.
കേരളത്തിലെ ആദ്യത്തെ ലേബർ സൊസൈറ്റിയാണിത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സംഗമ പരിപാടി മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ലേബർ സൊസൈറ്റിയുടെ പ്രവർത്തന ഉദ്ഘാടനം എ. എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നഗരസഭാ അധ്യക്ഷൻ തോമസ് ജോസഫ് ഭവന നിർമാണം നടത്തിയ പഞ്ചായത്തിലെ പ്രസിഡന്റുമാരെ ആദരിക്കും. സംസ്ഥാന സർക്കാർ ജെൻഡർ ഉപദേശക ഡോ. റ്റി. കെ. ആനന്ദി നയിക്കുന്ന ‘നിർമാണ മേഖലയിലെ വനിതകൾ, തൊഴിൽ സാധ്യതകളും പ്രതിബന്ധങ്ങളും’ എന്ന വിഷയത്തെ സംബന്ധിക്കുന്ന സെമിനാറും സംഗമത്തിന്റെ ഭാഗമായി നടക്കും. കെ.സി. വേണുഗോപാൽ എം.പി സെമിനാർ ഉദ്ഘാടനം ചെയ്യും.
കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, കുടുംബശ്രീ ജില്ല മിഷൻ കോ ഓർഡിനേറ്റർ സുജ ഈപ്പൻ, ഗവേർണിംഗ് ബോഡി അംഗം മുൻ എം.പി സി.എസ്. സുജാത ,ജനപ്രതിനിധികൾ, ബോർഡ്- കോർപറേഷൻ ചെയർമാൻ, സാമൂഹ്യ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.