വയനാട്: വിവിധ ലഹരി വസ്തുകളുടെ ഉപയോഗം തടയാൻ നടപടി ശക്തമാക്കി എക്‌സൈസ് വകുപ്പ്. ക്രിസ്മസും പുതുവത്സരാഘോഷവും അടുത്തെത്തിയ സാഹചര്യത്തിൽ സ്‌പെഷ്യൽ ഡ്രൈവ് നടത്താനാണ് തീരുമാനം. ഇതിനായി വിവിധ വകുപ്പുകളുടെയും അതിർത്തികളിൽ അയൽസംസ്ഥാനങ്ങളിലെ എക്‌സൈസ് വകുപ്പിന്റെയും സഹകരണം തേടും. പൊതുജനങ്ങൾക്ക് സംശയകരമായി തോന്നുന്ന ഏതു സാഹചര്യവും വകുപ്പിനെ അറിയിക്കാൻ മുഴുവൻ സമയ ടോൾഫ്രീ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിനോദ സഞ്ചാരകേന്ദ്രങ്ങളിലടക്കമുള്ള പരസ്യമദ്യപാനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. തോൽപ്പട്ടി, മുത്തങ്ങ, ബാവലി എന്നിവിടങ്ങളിൽ ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നുണ്ട്. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഇടങ്ങളിൽ സ്ഥിരമായി ചെക്ക് പോസ്റ്റുകളില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും സ്‌ക്വാഡുകൾ സജീവമാണ്. രൂപം മാറിവരുന്ന ലഹരി വസ്തുകൾക്കെതിരെ ജാഗ്രത വേണം. അനധികൃത ലഹരി വസ്തുകൾ വാങ്ങി ഉപയോഗിക്കരുതെന്നും വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പൊതുജന പരാതിപെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങുന്നവർ വീണ്ടും പ്രശ്‌നം സൃഷ്ടിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
എഡിഎം കെ. അജീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഒക്ടോബർ മാസത്തെ എക്‌സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ലഹരിക്കെതിരെ സ്‌കൂളുകളിൽ ബോധവത്കരണം ശക്തമാക്കാൻ ജനപ്രതിനിധികളുടെ ഇടപ്പെടൽ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയകാലത്ത് ലഹരിയുടെ സ്വഭാവം മാറിയിട്ടുണ്ട്. അത്തരം ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ എല്ലാവരുടെയും ശ്രമങ്ങളുണ്ടാവണമെന്നും എഡിഎം ആവശ്യപ്പെട്ടു. യോഗത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ മാത്യൂസ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സന്നദ്ധ സംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഒക്ടോബറിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ 256 റെയിഡുകൾ നടത്തി. 42 അബ്കാരി കേസുകളും 37 എൻഡിപിഎസ് കേസുകളും 234 കോട്പാ കേസുകളും രജിസ്ട്രർ ചെയ്തു. 38 ലിറ്റർ കേരള നിർമ്മിത വിദേശ മദ്യവും 35 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശ മദ്യവും 11 ലിറ്റർ തമിഴ്‌നാട് നിർമ്മിത വിദേശ മദ്യവും 2.716 കിലോഗ്രാം പുകയില ഉൽപന്നങ്ങളും 7.25 കിലോഗ്രാം പാൻമസാലയും 168 സ്പാസ്‌മോ പ്രോക്‌സിവോൺ ഗുളികകളും പിടിച്ചെടുത്തു. രണ്ടു വീതം ഓട്ടോറിക്ഷകളും സ്‌കൂട്ടുറും ഒരു ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. വിവിധ ചെക്കു പോസ്റ്റുകളിൽ പതിമൂവായിരത്തോളം വാഹനങ്ങളും പരിശോധിച്ചു. കോപ്ട കേസിൽ 42,700 രൂപ പിഴയിടാക്കി. നാല് മെഡിക്കൽ ഷോപ്പുകളും 44 വിദേശ മദ്യശാലകളും 369 കളളുഷാപ്പുകളും പരിശോധിച്ചു. 144 കോളനികളിൽ സന്ദർശിച്ചു 47 കുട്ടികളെ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ തിരികെ സ്‌കൂളിലെത്തിക്കാനും കഴിഞ്ഞു. കോളനികളിലും സ്‌കൂളുകളിലും കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ 65 ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ യുവജനങ്ങളെ ലഹരിയുടെ ഉപയോഗത്തിൽ നിന്നും മടക്കി കൊണ്ടുവരാൻ ഫുട്‌ബോൾ മത്സരങ്ങളും നടത്തി.

ടോൾഫ്രീ നമ്പറുകൾ
155358, 18004252848
സർക്കിൾ ഓഫീസ് : കൽപ്പറ്റ – 202219, സുൽത്താൻ ബത്തേരി – 248190, മാനന്തവാടി – 240012
റെയ്ഞ്ച് ഓഫീസ് : കൽപ്പറ്റ – 208230, സുൽത്താൻ ബത്തേരി – 227227, മാനന്തവാടി – 244923