പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 2024-25 അധ്യയന വർഷം സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും നടത്തിയ യൂത്ത്/മോഡൽ പാർലമെന്റ് മത്സരങ്ങളുടെ വിജയികൾ പങ്കെടുക്കുന്ന മോഡൽ പാർലമെന്റും സംസ്ഥാനതല ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പും ഒക്ടോബർ 7, 8, 9 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. 7ന് രാവിലെ 9.30ന് ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ ഹാളിൽ വച്ച് മോഡൽ പാർലമെന്റിന്റെ റിപ്പീറ്റ് പെർഫോമൻസും, 11 മണിക്ക് അനുമോദന സമ്മേളനവും ഉണ്ടായിരിക്കും. അനുമോദന സമ്മേളനം പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.
പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു ചടങ്ങിൽ മുഖ്യാഥിതിയാകും. അഡ്വ.ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ എം.വിജിൻ, പി.ബാലചന്ദ്രൻ, പാർലമെന്ററികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.രാജു നാരായണസ്വാമി എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന ബെസ്റ്റ് പാർലമെന്റേറിയൻ ക്യാമ്പിൽ സ്പീക്കർ എ.എൻ.ഷംസീർ, അഡ്വ.എ.എ.റഹീം എം.പി, നിയമ വിദഗ്ധൻ ഡോ.എൻ. കെ. ജയകുമാർ, സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ.സോണിച്ചൻ പി.ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ടി.വി. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം, ഡോ.പി.ജെ. വിൻസന്റ്, മാധ്യമ പ്രവർത്തകരായ ഡോ.എൻ.പി. ചന്ദ്രശേഖരൻ, ആർ. രാജഗോപാൽ, മനഃശാസ്ത്രജ്ഞൻ ഡോ.ജസ്റ്റിൻ പടമാടൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. ക്യാമ്പ് 09-ന് വൈകിട്ട് സമാപിക്കും.
