സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായവും പുതിയ ആശയങ്ങളും അവതരിപ്പിക്കുന്നതിന് സംഘടിപ്പിക്കുന്ന ജില്ലയിലെ വികസന സദസിന് മംഗലം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. മംഗലം വി.വി.യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവും നടന്നു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു. സര്‍ക്കാരിന്റെ സഹായത്താല്‍ തീരദേശ കുടിവെള്ള പദ്ധതി, റോഡ് നവീകരണം തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ നടത്താന്‍ സാധിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

200 ലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ഗ്രാമ പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ വിവരിക്കുന്ന സില്‍വര്‍ ജൂബിലി സപ്ലിമെന്റ് ‘ഗ്രാമ സ്വരാജ്’ പ്രകാശനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി എസ്. അനീഷ് സര്‍ക്കാറിന്റെ വികസന നേട്ടത്തിന്റെയും സെക്രട്ടറി ബീരാന്‍കുട്ടി അരീക്കാട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടത്തിന്റെയും അവതരണം നടത്തി. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ ആശയങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കാന്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. ജനങ്ങളുടെ നിര്‍ദേശങ്ങള്‍ ഹരിത മിത്രം ആപ്പ് വഴി സര്‍ക്കാരിലേക്കെത്തിക്കും.

നടപ്പിലാക്കിയത് 100 കോടിയിലേറെ രൂപയുടെ വികസന പദ്ധതികൾ

സിൽവർ ജൂബിലിയാഘോഷിക്കുന്ന മംഗലം ഗ്രാമ പഞ്ചായത്തിൽ അഞ്ചു വർഷം കൊണ്ട് നടപ്പിലാക്കിയത് 102.65 കോടിയുടെ വികസന പദ്ധതികൾ. കുടിവെള്ളത്തിൽ പഞ്ചായത്തിനെ സ്വയം പര്യാപ്തതയിലെത്തിക്കുന്നതിനുള്ള പദ്ധതികൾ, ഒരു കോടിയുടെ ബഡ്സ് റിഹാബിലിറ്റേഷൻ കെട്ടിടം, സ്ഥലമില്ലാത്തതും ജീർണിച്ചതുമായ അങ്കണവാടികൾക്ക് കെട്ടിടം തുടങ്ങിയവ ഇവയിൽ ചിലതാണ്. കാർഷിക മേഖലയിൽ 1.74 കോടി രൂപ വികസനത്തിനായി ചെലവഴിക്കുകയും കേരഗ്രാമം പദ്ധതി നടപ്പിലാക്കുകയും ചെയ്തു. അലോപ്പതി, ഹോമിയോ, ആയുർവേദം എന്നീ മേഖലകളിലായി 2.77 കോടിയാണ് ചെലവഴിച്ചത്.

പുനർജനി പദ്ധതിയിലൂടെ മരുന്നുകൾ, ഹെൽത്ത് സെന്ററുകളുടെ അടിസ്ഥാന സൗകര്യ വികസനം ഇവയ്ക്കാണ് ഈ ഫണ്ടുകൾ ചെലവഴിച്ചത്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 0.41 കോടി, ഭവന നിർമാണം, പുനരുദ്ധാരണം എന്നിവയ്ക്ക് 5.32 കോടി, ഭിന്നശേഷി, അങ്കണവാടി മേഖല എന്നിവയ്ക്ക് 2.62 കോടി, വിദ്യാഭ്യാസ മേഖലയ്ക്ക് 1.36 കോടി, പട്ടിക ജാതി വിഭാഗത്തിന് 1.5 കോടി, തൊഴിലുറപ്പ് പദ്ധതിയ്ക്ക് 8.6 കോടി, കുടുംബശ്രീ മുഖേന 37.47 കോടി, കുടിവെള്ളത്തിനായി 1.2 കോടി എന്നിങ്ങനെയാണ് വിവിധ പദ്ധതികൾക്കായി പഞ്ചായത്ത് ചെലവഴിച്ചത്.

അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി 27 അതിദരിദ്ര കുടുംബങ്ങൾക്ക് സഹായം എത്തിച്ചു. ഭവന രഹിതരായ എട്ട് കുടുംബങ്ങൾക്ക് വീടുകൾ നിർമിച്ചു നൽകി. അതിദരിദ്രരായവർക്ക് കുടുംബശ്രീ വഴി ഭക്ഷണം, ഉപജീവന പദ്ധതികൾ എന്നിവയും നൽകി വരുന്നുണ്ട്.

ലൈഫ് പദ്ധതി പ്രകാരം 710 കുടുബങ്ങൾക്ക് ഭവന നിർമാണത്തിനുള്ള സഹായം നൽകിയിട്ടുണ്ട്. 54 ഭൂരഹിതർക്ക് ഭൂമി വാങ്ങാൻ സഹായം നൽകി. എല്ലാ വിഭാഗങ്ങൾക്കും ഭവന പുനരുദ്ധാരണം, സ്മാർട്ട് കിച്ചൻ, ഭവന വൈദ്യുതീകരണം എന്നിവയ്ക്കായി 5.64 കോടി ചെലവഴിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. പി. കുഞ്ഞുട്ടി, വൈസ് പ്രസിഡന്റ്‌ കെ. പാത്തുമ്മക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് പഞ്ചായത്ത്‌ നേട്ടങ്ങൾ കൈവരിച്ചത്.

മാലിന്യ സംസ്കരണമാണ് പഞ്ചായത്തിന്റെ മറ്റൊരു ഫ്ലാഗ്ഷിപ് പദ്ധതി. 33 ഹരിതകർമ സേനാംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. മാസം തോറും 12 ടൺ അജൈവ മാലിന്യങ്ങളാണ് സംസ്കരിക്കുന്നത്. പഞ്ചായത്തിൽ 13 എം.സി.എഫുകളും 12 ബോട്ടിൽ ബൂത്തുകളും കൂട്ടായി, മംഗലം എന്നിവിടങ്ങളിൽ രണ്ടു ബിന്നും ഉണ്ട്. . യൂസർ ഫീ ഇനത്തിൽ 77 ലക്ഷം രൂപ ലഭിച്ചു. 2021- 22 ൽ ലഭിച്ചതിൽ നിന്നും 13. 6 ലക്ഷം രൂപയുടെ വർധനവാണുണ്ടായത്. തദ്ദേശ സ്ഥാപനങ്ങളിൽ കെ. സ്മാർട്ട് നടപ്പിലാക്കിയതോടെ 2411 അപേക്ഷകൾ പഞ്ചായത്തിൽ ലഭിച്ചു. 23124 സേവനങ്ങൾ കെ. സ്മാർട്ട് വഴി ലഭ്യമാക്കി. പഞ്ചായത്തിലെ നാലു പാലിയേറ്റീവ് സെന്ററുകൾ വഴി 212 രോഗികൾക്ക് സേവനം നൽകി വരുന്നു.

പഞ്ചായത്തിൽ ബഡ്സ് സ്കൂൾ കെട്ടിടം ഉടൻ പൂർത്തിയാകും. കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി സോളാർ സ്ഥാപിക്കുകയും ഹരിതോർജ്ജ പഞ്ചായത്തായി മാറുകയും ചെയ്തു. വർഷങ്ങളായി റോഡ് ഇല്ലാതിരുന്ന മംഗലം ജി എം എൽ പി സ്കൂളിന് സ്ഥലം ഏറ്റെടുത്ത് റോഡ് നിർമിച്ചു നൽകി. ബീച്ചുകളുടെ നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന ബ്ലൂ ഫ്ലാഗ് പദവിയിലേക്ക് ആശാൻ പടി ബീച്ചിനെ അംഗീകരിക്കുന്ന പദ്ധതികൾ പുരോഗമിക്കുന്നു. നൂതന പദ്ധതിയെന്ന നിലയിൽ വയോജനങ്ങൾക്കായി വിനോദ യാത്ര സംഘടിപ്പിക്കുകയും ചെയ്തു.