*ഹരിതകർമസേന യൂസർ ഫീ ഏകീകരിക്കും
*എംസിഎഫ് ; ജനങ്ങളെ ബോധവത്കരിക്കും

ഹരിതകേരളം മിഷൻ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ എ.ആർ. അജയകുമാറിന്റെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേർന്നു. ഹരിതകർമസേന യൂസർ ഫീ തീരുമാനിക്കുന്നതിനായി ഡിസംബർ അഞ്ചിനു വൈകിട്ട് മൂന്നിന് തദ്ദേശസ്ഥാപന അധ്യക്ഷരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയപാർട്ടി നേതാക്കളുടെയും യോഗം കളക്ടറേറ്റ് എപിജെ ഹാളിൽ ചേരാൻ തീരുമാനിച്ചു. നിലവിൽ ഹരിതകർമസേന പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ പലതരത്തിലാണ് യൂസർ ഫീ ഈടാക്കുന്നത്. ഇത് ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യോഗം. എല്ലാ പഞ്ചായത്തുകളിലും ഹരിതകർമസേന രൂപീകരിച്ചുകഴിഞ്ഞു. ഡിസംബർ ഒന്നുമുതൽ എല്ലായിടങ്ങളിലും മാലിന്യശേഖരണം തുടങ്ങും. ജനകീയ മുന്നേറ്റമുണ്ടായാൽ മാത്രമേ ജില്ലയെ മാലിന്യമുക്തമാക്കാൻ കഴിയൂവെന്നും ഇതിന് രാഷ്ട്രീയപാർട്ടി നേതാക്കളുടെ പിന്തുണയുണ്ടാവണമെന്നും കളക്ടർ അഭ്യർഥിച്ചു.
മാലിന്യം സൂക്ഷിക്കുന്ന മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയെക്കുറിച്ച് (എംസിഎഫ്) ജനങ്ങളെ ബോധവത്കരിക്കണം. ശാസ്ത്രീയ രീതിയിലാണ് എല്ലാ പഞ്ചായത്തുകളിലും എംസിഎഫ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനായി വ്യാപക പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യണം. ഈ പ്രവർത്തനങ്ങൾ ജില്ലാ ശുചിത്വമിഷൻ ഏറ്റെടുക്കണമെന്നു കളക്ടർ നിർദേശിച്ചു.
പ്ലാസ്റ്റിക് ഷ്രഡിങ് യൂണിറ്റുകൾ പ്രവർത്തിപ്പിക്കാനാവശ്യമായ നടപടികൾ പൂർത്തിയായിട്ടുണ്ട്. കൽപ്പറ്റ ബ്ലോക്കിൽ മാത്രം ആറു യന്ത്രങ്ങളാണുള്ളത്. വാർഡുതല ശുചിത്വ ജാഗ്രതാസമിതികൾ രൂപീകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനം. പ്രാദേശിക രാഷ്ട്രീയ പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കിയാവും പ്രവർത്തനങ്ങൾ. ടൂറിസം രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാനും മാലിന്യമുക്ത വയനാട് കാമ്പയിൻ സഹായിക്കും.
ജില്ലാ കളക്ടറുടെ നിർദേശങ്ങൾ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ സ്വാഗതം ചെയ്തു. വയനാടിനെ മാലിന്യമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്കു കരുത്തുപകരാൻ മുന്നിട്ടിറങ്ങണമെന്നു പ്രവർത്തകരോട് ആവശ്യപ്പെടുമെന്ന് അവർ അറിയിച്ചു. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രൻ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ ബി.കെ. സുധീർ കിഷൻ, ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓഡിനേറ്റർ എം.പി. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി. വിജയകുമാർ, എഡിസി ജനറൽ പി.സി. മജീദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോൺ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് പി. ഗഗാറിൻ, മൊയ്തീൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.