കൃഷിഭവനുകള്‍ സ്മാര്‍ട്ടാകുന്നത് കര്‍ഷകര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭിക്കുമ്പോഴാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവനായി ഉയര്‍ത്തിയ പനങ്ങാട് കൃഷിഭവന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 1,076 കൃഷിഭവനുകളെയും സര്‍ക്കാര്‍ ഘട്ടംഘട്ടമായി സ്മാര്‍ട്ട് കൃഷിഭവനാക്കി മാറ്റുകയാണ്. എണ്‍പതോളം കൃഷിഭവനുകള്‍ സ്മാര്‍ട്ടായി മാറിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കൃഷി ഉദ്യോഗസ്ഥരുടെ പ്രധാന ജോലി ഓഫീസുകള്‍ക്കകത്തല്ല, കൃഷിയിടങ്ങളിലാണ്. ‘കതിര്‍’ മൊബൈല്‍ ആപ്പ് വഴി കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അതിവേഗത്തില്‍ മറുപടി ലഭ്യമാക്കണം. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ മൂല്യവര്‍ധിത വസ്തുക്കളാക്കി മാറ്റി വിപണിയിലെത്തിച്ചാല്‍ മാത്രമേ വരുമാന വര്‍ധനവുണ്ടാക്കാന്‍ സാധിക്കൂ. ബാലുശ്ശേരി നിയോജക മണ്ഡലത്തിന്റെ തനത് പദ്ധതിയായ ‘മഞ്ഞള്‍ ഗ്രാമം’ പദ്ധതിയില്‍ ഉല്‍പാദിപ്പിക്കുന്ന മഞ്ഞള്‍ കൃഷിവകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് മികച്ച സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാന്‍ കൃഷിഭവനുകളെ ആധുനികവത്കരിക്കുക, നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരിലേക്ക് സേവനങ്ങള്‍ സമയബന്ധിതമായും കൃത്യതയോടെയും എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സ്മാര്‍ട്ട് കൃഷിഭവന്‍ യഥാര്‍ഥ്യമായത്. 26.55 ലക്ഷം രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചത്. കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി സേവനങ്ങള്‍ ലഭ്യമാക്കല്‍, പേപ്പര്‍ലെസ് സംവിധാനം, കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, വിള പരിപാലനത്തിനുള്ള പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്, അഗ്രോ ഫാര്‍മസി വഴി കര്‍ഷകര്‍ക്ക് വിള പരിപാലനത്തിന് ആവശ്യമായ സഹായങ്ങള്‍ തുടങ്ങി വിവിധ സേവനങ്ങളാണ് സ്മാര്‍ട്ട് കൃഷിഭവന്‍ വഴി ലഭിക്കുക.
കൃഷിഭവന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ കെ എം സച്ചിന്‍ ദേവ് എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണന്‍, ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. പി ഗവാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ പി ഖദീജക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ റംല മാടംവള്ളിക്കുന്ന്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷാജി കെ പണിക്കര്‍, കെ കെ പ്രകാശിനി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി പി അബ്ദുല്‍ മജീദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുലൈഖ ബായ്, നോഡല്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബീന നായര്‍, കൃഷി ഓഫീസര്‍ സി മുജീബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
