ഭരണസമിതിയുടെ അഞ്ചു വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പെരിങ്ങോം`വയക്കര ഗ്രാമപഞ്ചായത്ത് വികസന സദസ്സ് മുൻ എം എൽ എ കെ.പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഉൾക്കൊള്ളിച്ച പ്രോഗ്രസ് റിപ്പോർട്ട് മുൻ എംഎൽഎ കെ.പി സതീഷ് ചന്ദ്രൻ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സലയ്ക്ക് നൽകി പ്രകാശനം ചെയ്തു.

വികസന സദസ്സിനെക്കുറിച്ച് ജില്ലാ റിസോഴ്‌സ് പേഴ്‌സൺ പി.കെ ചന്ദ്രശേഖരൻ വിഷയാവതരണം നടത്തി. വികസന നേട്ടങ്ങളുടെ റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ പഞ്ചായത്ത് സെക്രട്ടറി സി.കെ പങ്കജാക്ഷൻ അവതരിപ്പിച്ചു. പരിപാടിയിൽ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു

വികസനം പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനും സമഗ്രമായ മുന്നേറ്റം സാധ്യമാക്കുന്നതിനും പൊതുജനങ്ങൾ നിരവധി നിർദേശങ്ങളും ആശയങ്ങളും മുന്നോട്ടുവെച്ചു. റോഡ് ഡ്രൈനേജ് നിർമാണം, റോഡ് നവീകരണം, സ്‌കൂൾ കുട്ടികൾക്കാവശ്യമായ വാഹന സൗകര്യം, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, എട്ടാം വാർഡിൽ എം സി എഫ് സൗകര്യം എന്നിങ്ങനെ ഇനി നടപ്പിലാക്കേണ്ട പദ്ധതികളും കൂടുതൽ മെച്ചപ്പെടുത്തേണ്ട മേഖലകളും വികസന പരിപാടികളും ഓപ്പൺ ഫോറത്തിൽ ഉയർന്നുവന്നു. സദസ്സിന്റെ ഭാഗമായി കെ സ്മാർട്ട് സേവനം ലഭ്യമാക്കിയിരുന്നു.

ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ബിന്ദു രാജൻ കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം എം രാഘവൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.വി തമ്പാൻ, അസി. സെക്രട്ടറി പി.പി അമീല, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.