സംസ്ഥാന സർക്കാരിന്റെയും ഗ്രാമപഞ്ചായത്തിന്റെയും അഞ്ചു വർഷത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചുകൊണ്ട് പട്ടുവം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് എം വിജിൻ എം എൽ എ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി അധ്യക്ഷയായി.
ഇന്റേണൽ വിജിലൻസ് ഓഫീസർ കെ.വി പ്രകാശൻ സംസ്ഥാനതല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസ് പഞ്ചായത്ത്തല റിപ്പോർട്ട് അവതരണം നടത്തി. പഞ്ചായത്തിന്റെ വിവിധ മേഖലകളിലെ വരുംകാല വികസനങ്ങൾ മുൻനിർത്തി പൊതുജനങ്ങളുടെ ഓപ്പൺ ഫോറം സംഘടിപ്പിച്ചു.
വികസന സദസിന്റെ ഭാഗമായി പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള ഫോട്ടോ പ്രദർശനം, ഫുഡ് കോർട്ട്, മെഡിക്കൽ ക്യാമ്പ്, ജോബ് ഫെയർ, കുടുംബശ്രീ വിപണന മേള, വിമുക്തി ബോധവൽകരണം, കാർഷിക ചരിത്ര പ്രദർശനം, ശാസ്ത്ര വിദ്യാഭ്യാസ പ്രദർശനം, ഹരിതകർമസേന സംരംഭങ്ങളുടെ ഉൽപന്ന വിപണനം എന്നിവയും സജ്ജീകരിച്ചു.
മുറിയത്തോട് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി രാജൻ, സ്ഥിരം സമിതി അംഗങ്ങളായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.വി ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി സി.സി ശ്രീജിത്ത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനക്കീൽ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
