മനുഷ്യന്റെ ജീവിത നിലവാരം ഏറ്റവും ഉയർന്ന തലത്തിലേക്ക് ഉയർത്താനായതിൽ കേരളം രാജ്യത്തിന് മാതൃകയായി നിൽക്കുന്നുവെന്ന് കെ.കെ ശൈലജ ടീച്ചർ എംഎൽഎ പറഞ്ഞു. കീഴല്ലൂർ പഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. ജനകീയ പങ്കാളിത്തവും സാമൂഹ്യനീതിയുടെയും ക്ഷേമ നയങ്ങളുടെയും സമന്വയവുമാണ് അതിന് പിന്നിലുള്ള ശക്തിയെന്നും എംഎൽഎ പറഞ്ഞു.

സംസ്ഥാനതല വികസന റിപ്പോർട്ട് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ കെ.ബി പ്രശാന്ത് അവതരിപ്പിച്ചു. പഞ്ചായത്ത്തല വികസന റിപ്പോർട്ട് സെക്രട്ടറി എസ് അജി അവതരിപ്പിച്ചു. പഞ്ചായത്തിന്റെ നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ എംഎൽഎ പ്രകാശനം ചെയ്തു. വികസനരേഖ കെ ടി ഡബ്ല്യൂ ഡബ്ല്യൂ എഫ് ചെയർമാൻ എൻ.വി ചന്ദ്രബാബു എംഎൽഎക്ക് നൽകി പ്രകാശനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.

ഓപ്പൺ ഫോറത്തിൽ പഞ്ചായത്തിൽ നടപ്പാക്കേണ്ട വികസനങ്ങളും ജനങ്ങൾ നേരിട്ടുന്ന പ്രശ്നങ്ങളും ചർച്ചാവിഷയമായി. ഗ്രാമ പഞ്ചായത്തിന് സ്വന്തമായി വാതക ശ്മശാനം നിർമ്മിക്കണം, മുഴുവൻ മത്സരവും നടത്തുന്നതിനായി ഫ്ലഡ് ലൈറ്റ് സംവിധാനമുള്ള ഗ്രൗണ്ട് അനുവദിക്കണം, ഹാപ്പിനസ് പാർക്ക് നിർമ്മിക്കണം, സ്വന്തമായി വയോജന വിശ്രമ കേന്ദ്രം വേണം, ബഡ്സ് സ്‌കൂൾ നിർമ്മിക്കണം, കീഴല്ലൂർ ടൗണിൽ പൊതു ടോയിലറ്റ് സംവിധാനം വേണം, മാലിന്യം തള്ളുന്നത് നിയന്ത്രിക്കാൻ സിസിടിവി സ്ഥാപിക്കണം തുടങ്ങിയ നിർദേശങ്ങൾ ഉയർന്നു.

കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി മിനി അധ്യക്ഷയായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രതീഷ്, കീഴല്ലൂർ ആസൂത്ര സമിതി ഉപാധ്യക്ഷൻ കെ.കെ പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി ഷീജ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോഹരൻ മാസ്റ്റർ, ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ ജിഷ, മുൻ കീഴല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാജൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി സജീവൻ, കിഴൂർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.വി രജനി എന്നിവർ പങ്കെടുത്തു.