കേരളപ്പിറവിദിനം ജില്ലയിലെ മുഴുവന്‍ ഗ്രന്ഥശാലകളിലും വിപുലമായി ആഘോഷിക്കാന്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഏഴുപതിറ്റാണ്ടിനിടെ കേരളം കടന്നുവന്ന വഴികളും സമസ്ത മേഖലകളിലും ആര്‍ജിച്ച നേട്ടങ്ങളും ഉൾക്കൊള്ളുന്ന ‘എന്റെ കേരളം; അഭിമാന കേരളം’ പ്രഭാഷണം, സ്ലൈഡ് ഷോ, കലാവിഷ്‌കാരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

ജില്ലയിലെ ‘ഗ്രന്ഥാലോകം’ കാമ്പയിന്‍ പ്രവര്‍ത്തനങ്ങളും വായനാവസന്തം പരിപാടിയും അവലോകനം ചെയ്യുന്ന നേതൃസംഗമം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗവും ഗ്രന്ഥാലോകം പത്രാധിപരുമായ പി.വി.കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.കെ വിജയന്‍, പി. ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.