ചെങ്ങന്നൂർ : 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഭിന്നശേഷിക്കാരിയായ വിദ്യാർഥി വൃന്ദയ്ക്കും കുടുംബത്തിനും വീടായി. ഭിന്നശേഷികുട്ടികൾക്കുള്ള സ്നേഹോപഹാരമായി ചെങ്ങന്നൂർ ബി.ആർ.സി പണിത രണ്ടാമത്തെ വീടാണ് വൃന്ദയുടേത് .
ബുധനൂർ കടമ്പൂർ ബിജു ഭവനിൽ ബിജുവിന്റെ മകളാണ് വൃന്ദ. അടുക്കളയോടു ചേർന്നുള്ള ഒറ്റമുറി വീട്ടിലാണ് ഇത്രയുംകാലം കുടുംബം ജീവിച്ചിരുന്നത്. വൃന്ദയുടെ വീട് വാസയോഗ്യമാക്കിയതിന് പുറമേ യാത്രാസൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.
സംസ്ഥാനതലത്തിൽ ന്യൂമാത്സ് വിജയിയും ബുധനൂർ ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയുമാണ് വൃന്ദ. പുനർനിർമ്മിച്ച വീടിന്റെ താക്കോൽ ദാനം ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.വിശ്വംഭരപ്പണിക്കർ നിർവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ജി.കൃഷ്ണകുമാർ നിർവ്വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത കുമാരി, പ്രീതി നടേശൻ, ഡോ.എം.എസ്.സുനിൽ, ഡോ.ആനി തോമസ്, മീനു.കെ.എ, സാറാമ്മ മാമ്മൻ എന്നിവർ ഭദ്രദീപം തെളിയിച്ചു.
ബുധനൂർ ഗവ ഹയർസെക്കന്ററി സ്‌കൂൾ ഹെഡ്മാസ്റ്റർ ജയിംസ് പോൾ, വൈഡബ്ലുസി അംഗങ്ങൾ, ബി ആർ സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.