വൈത്തിരി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ റൈസിങ് ആൻഡ് അക്‌സലറേറ്റിംഗ് എം.എസ്.എം.ഇ പെർഫോമൻസ് (റാമ്പ്) പദ്ധതിയുടെ ഭാഗമായി താലൂക്ക് തല എം.എസ്.എം.ഇ ക്ലിനിക് സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ അശ്വിൻ പി. കുമാർ അധ്യക്ഷനായ പരിപാടി സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്തു. എം.എസ്.എം.ഇകൾ ആരംഭിക്കുന്നതിനാവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും, ലൈസൻസിംഗ്, ജി.എസ്.ടി, വിപണനം, ധനസഹായം, കയറ്റുമതി, ബാങ്കിംഗ്, ടെക്നോളജി തുടങ്ങിയ മേഖലകളിലെ വിദഗ്‌ധരുടെ സേവനം സംരംഭകർക്ക് ലഭ്യമാക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം. ലീഗൽ മെട്രോളജി, ജി.എസ്.ടി, ഡിജിറ്റൽ മാർക്കറ്റിങ്ങ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദർ ക്ലാസുകളെടുത്തു. ഉപജില്ലാ വ്യവസായ ഓഫീസർ എൻ. അയ്യപ്പൻ, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ സജിത്ത് കുമാർ, ഉപജില്ലാ വ്യവസായ ഓഫീസർ മുഹമ്മദ് നയീം എന്നിവർ പങ്കെടുത്തു.