* കളക്ടറേറ്റിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
ആലപ്പുഴ ജില്ലയില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിന്റെ (എസ് ഐ ആർ) മുന്നോടിയായി ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ അധ്യക്ഷതയില്‍ ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ജില്ലയിലെ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ പങ്കെടുത്തു. എസ് ഐ ആർ സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ മറുപടി നല്‍കി.
നവംബര്‍ നാല് മുതല്‍ ഡിസംബര്‍ നാല് വരെയുള്ള ദിവസങ്ങളില്‍ ബി എല്‍ ഒ മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്ത് പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോമുകള്‍ തിരിച്ചു വാങ്ങി വോട്ടര്‍ പട്ടിക പുതുക്കല്‍ ആരംഭിക്കും. എന്യൂമറേഷന്‍ ഫോമുകളില്‍ വോട്ടറുടെ ഫോട്ടോ ഉള്‍പ്പടെയുള്ള വോട്ടര്‍ പട്ടികയിലുള്ള വിവരങ്ങള്‍ പ്രിന്റ് ചെയ്തിരിക്കും. മറ്റ് വിവരങ്ങള്‍ കൂടി പൂരിപ്പിച്ച് ഫോമുകള്‍ ബി എല്‍ ഒ യെ തിരികെ ഏല്‍പ്പിക്കണം. പൂരിപ്പിച്ച ഫോമിനോടൊപ്പം യാതൊരു രേഖയും ഇപ്പോള്‍ നല്‍കേണ്ടതില്ല. തൊഴില്‍പരമായോ വിദ്യാഭ്യാസപരമായോ നാട്ടില്‍ ഇല്ലാത്ത വോട്ടര്‍മാര്‍ക്കു വേണ്ടി കുടുംബത്തിലെ ഏതെങ്കിലും അംഗത്തിന് ഫോം പൂരിപ്പിച്ച് ഒപ്പിട്ടു തിരിച്ചു നല്‍കാവുന്നതാണ്.
ബി എല്‍ ഒ മാരെ സഹായിക്കുന്നതിനായി രാഷ്ടീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയമിക്കുന്നതിന് രാഷ്ടീയപാര്‍ട്ടി പ്രതിനിധികളോട് അഭ്യര്‍ത്ഥിച്ചു. ബി എല്‍ ഒ മാര്‍ 2002 ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ വിവരങ്ങള്‍ക്കൊപ്പം ആ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ‘മാപ്പ് ‘ചെയ്യും. പൂരിപ്പിച്ചു തിരികെ ലഭിച്ച് എല്ലാ ഫോമുകളിലും ഉള്‍പ്പെട്ട വോട്ടര്‍മാരെ കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. അപ്രകാരം തയ്യാറാക്കുന്ന കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 12 ന് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് 2026 ജനുവരി എട്ട് വരെ കരട് വോട്ടര്‍ പട്ടികയിന്മേലുള്ള പരാതികള്‍ക്ക് ആക്ഷേപം സമര്‍പ്പിക്കാം. ആക്ഷേപങ്ങള്‍ സമര്‍പ്പിച്ചവരെ നേരില്‍ കേള്‍ക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്യും. അന്തിമ വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി രണ്ടിന് പ്രസിദ്ധീകരിക്കും. എസ് ഐ ആർ സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുവാനായി കളക്ട്രേറ്റില്‍ ഹെല്‍പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.
ഫോണ്‍: 0477 2251801
വാട്ട്സാപ്പ് നം: 94005 34005
