ഇടുക്കി ജില്ലയിലെ വിവിധ ഉന്നതികളില്‍ പലവിധമായ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. ഇവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പാറേമാവ് കൊലുമ്പന്‍ കോളനിയില്‍ അംബേദ്കര്‍ നഗര്‍ വികസന പദ്ധതിയുമായി ബന്ധപ്പെട്ട യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു കോടി രൂപയുടെ പദ്ധതികളാണ് ഉന്നതിയില്‍ നടപ്പാക്കുന്നത്. 11 ഉന്നതികളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

അനുവദിച്ച ഒരു കോടി രൂപയിലുള്‍പ്പെടാത്ത ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ ഉന്നതികളിലും മറ്റുമായി നടത്തിയിട്ടുണ്ട്.  അടിസ്ഥാനസൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് ഇവരെ എത്തിക്കാനുമാണ് സര്‍ക്കാര്‍ പ്രത്യേക പ്രാധാന്യം നല്‍കി അംബേദ്കര്‍ നഗര്‍ വികസനപദ്ധതി നടപ്പിലാക്കുന്നത്. ജില്ലയുടെ വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പാറേമാവ് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ വാഴത്തോപ്പ് പഞ്ചായത്ത് അംഗം നൗഷാദ് ടി.ഇ. അധ്യക്ഷത വഹിച്ചു.  ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അനില്‍ കുമാര്‍ പദ്ധതി വിശദീകരണം നടത്തി. സാംസ്‌കാരിക നിലയം, കളിസ്ഥലം, ക്ലബ്, കമ്മ്യൂണിറ്റി ഹാളിനോട് അനുബന്ധിച്ച് ടോയ്‌ലറ്റ്, വീടുകള്‍ക്ക് സംരക്ഷണഭിത്തി, നടപ്പാത നിര്‍മാണം, തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡിറ്റാജ് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ പ്രഭ തങ്കച്ചന്‍, നിമ്മി ജയന്‍,  ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആനിയമ്മ ഫ്രാന്‍സിസ്, നിര്‍മിതി കേന്ദ്ര പ്രൊജക്റ്റ് ഓഫീസര്‍ സജി ജോസഫ്, ഊരു മൂപ്പന്‍ ടി.വി. രാജപ്പന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.