കോഴിക്കോട് -പാലക്കാട് ദേശീയപാതയുടെ താണാവ് മുതല്‍ നാട്ടുക്കല്‍ വരെയുള്ള നവീകരണ പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും ഏപ്രില്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്നും പൊതുമരാമത്ത് ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മണ്ണാര്‍ക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു. ആദ്യത്തെ 20 കിലോമീറ്റര്‍ റോഡ് ഡിസംബര്‍-ജനുവരി മാസത്തോടെ പൂര്‍ത്തിയാകും. മണ്ണാര്‍ക്കാട് ചിന്നതടാകം റോഡിലെ നവീകരണ പ്രവൃത്തി പുരോഗമിക്കുകയാണെന്നും നെല്ലിപ്പുഴ മുതല്‍ ആനമൂളി റോഡ് വരെ ഇത് വ്യാപിപ്പിക്കാനും എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മണ്ണാര്‍ക്കാട് താലൂക്കിലെ എല്ലാ പുഴകള്‍ക്കും സമീപമുള്ള പുറമ്പോക്ക് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരാനും തീരുമാനിച്ചു. എക്സൈസ് വകുപ്പ് പിടിച്ചെടുത്ത വാഹനങ്ങള്‍ മറ്റ് സ്ഥലത്തേക്ക് മാറ്റാന്‍ വകുപ്പധികൃതര്‍ക്കും ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന ഗ്യാസ് കണ്ടെയ്നറുകള്‍ പരിശോധിക്കാന്‍ ജോയിന്റ് ആര്‍.ടി.ഒയ്ക്കും യോഗത്തില്‍ നിര്‍ദേശം നല്‍കി. വികലാംഗര്‍ക്കുള്ള ലേണേഴ്സ് ടെസ്റ്റിന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍ മൂന്നാമത്തെയും നാലാമത്തെയും ശനിയാഴ്ച്ചകളില്‍ വിട്ടുകൊടുക്കാനും യോഗം തീരുമാനിച്ചു. താലൂക്ക് വികസന സമിതി അംഗം സുബ്രഹ്മണ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, തഹസില്‍ദാര്‍ എസ്.നസീര്‍ഖാന്‍, അഡീഷണല്‍ തഹസില്‍ദാര്‍ ജി. ശിവനാരായണന്‍, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോടശ്ശേരി, വകുപ്പ് പ്രതിനിധികള്‍, വികസന സമിതി അംഗങ്ങളായ സന്തോഷ്, മോന്‍സി ജോസഫ്, ശെല്‍വരാജ് എന്നിവര്‍ പങ്കെടുത്തു.