ക്ഷീരവികസന വകുപ്പിന്റെയും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെയും  ക്ഷീരസംഘങ്ങളുടെയും ആഭിമുഖ്യത്തില്‍
മില്‍മ, മൃഗസംരക്ഷണവകുപ്പ്, കേരള ഫീഡ്‌സ് എന്നിവയുടെ  സഹകരണത്തോടെ ക്ഷീരകര്‍ഷകസംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം  ഉദ്ഘാടനം ചെയ്തു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യൂ അധ്യക്ഷത വഹിച്ചു. ക്ഷീരശ്രീ വനിതാ സംഘങ്ങള്‍ക്ക് പശുവാങ്ങല്‍ പദ്ധതിയുടെ ഉദ്ഘാടനം  മില്‍മ ചെയര്‍പേഴ്സണ്‍  ഡി.എന്‍. വത്സലന്‍ പിള്ള  നിര്‍വഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനെ ഫോക്കസ് ബ്ലോക്കായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തതിന്റെ അടിസ്ഥാനത്തില്‍ ഫോക്കസ് ബ്ലോക്കിലെ പാലുല്‍പ്പാദന വര്‍ധനവ് എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ബ്ലോക്കില്‍ നടപ്പാക്കുന്നത്.

ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ ബ്ലോക്കിലെ മികച്ച  ക്ഷീരകര്‍ഷകരെയും ഏറ്റവും കൂടുതല്‍ പാല്‍ അളന്ന സംഘം പ്രസിഡന്റുമാരെയും ഓരോ പഞ്ചായത്തിലെയും ക്ഷീര സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകനെയും കര്‍ഷകയെയും ആദരിച്ചു.
ക്ഷീര കര്‍ഷക ക്ഷേമനിധി ആനുകൂല്യങ്ങള്‍ ‘ എന്ന വിഷയത്തില്‍ ഇടുക്കി ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ അഞ്ജു കുര്യന്‍, ‘നാട്ടിലെ ശാസ്ത്രവും പശുപരിപാലനവും’ എന്ന വിഷയത്തില്‍ മികച്ച ക്ഷീരകര്‍ഷകനുള്ള ദേശീയ-സംസ്ഥാന അവാര്‍ഡ് ജേതാവ് ഷൈന്‍ കെ.ബി. കുറുമുള്ളാനിയില്‍ , മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പദ്ധതിയെക്കുറിച്ച് വെറ്ററിനറി സര്‍ജന്‍  ഡോ. ഡാലി സി. ഡേവിഡ് തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. സംഗമത്തോടനുബന്ധിച്ച് ഡയറി എക്സിബിഷന്‍, ഘോഷയാത്ര ,ഡയറി ക്വിസ് എന്നിവയും നടന്നു.