ഏഴോം ഗ്രാമപഞ്ചായത്തിലെ പഴയങ്ങാടിയില്‍ ഒരുങ്ങുന്ന ആധുനിക മത്സ്യമാര്‍ക്കറ്റിന്റെ പ്രവൃത്തി ഉദ്ഘാടനം എം. വിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ഗോവിന്ദന്‍ അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 1.42 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്.

നിലവിലുള്ള മത്സ്യമാര്‍ക്കറ്റിന് സമീപം നിര്‍മിക്കുന്ന പുതിയ മാര്‍ക്കറ്റില്‍ രണ്ട് കെട്ടിടങ്ങളാണ് ഒരുക്കുക. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ കഴിയും വിധമാണ് മാര്‍ക്കറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 91 ച.മീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടത്തില്‍ ഏഴ് മത്സ്യവിപണന കൗണ്ടറുകള്‍, മത്സ്യം മുറിക്കുന്നതിനായി കട്ടിംഗ് ടേബിള്‍, മത്സ്യം വില്‍പന പ്ലാറ്റ്ഫോം എന്നീ സൗകര്യങ്ങളോടു കൂടിയ ഹാള്‍ സജ്ജമാക്കും.

46.41 ച.മീറ്റര്‍ വിസ്തൃതിയുള്ള രണ്ടാമത്തെ കെട്ടിടത്തില്‍ പച്ചക്കറി, ഇറച്ചി കച്ചവടത്തിനായിയുള്ള കടമുറികള്‍, ഫ്രീസര്‍ മുറി, ഇലക്ട്രിക്കല്‍ മുറി, ടോയ്‌ലറ്റ് സൗകര്യം എന്നിവ ഉള്‍പ്പെടും. മാലിന്യ സംസ്‌കരണത്തിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. തറയില്‍ ആന്റിസ്‌കിഡ് ഇന്‍ഡസ്ട്രിയല്‍ ടൈലുകളാണ് പാകുന്നത്. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. തീരദേശ വികസന കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ വിനയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.