ആറന്മുളയെ തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായി കോഴഞ്ചേരി സ്തുതിക്കാട്ട് തോളൂപറമ്പില്‍ പാടശേഖരവും ഇനി ഹരിതാഭമാകും. 25 ഹെക്ടര്‍ വരുന്ന പാടശേഖരത്ത് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്റെ നേതൃത്വത്തില്‍ വിത്തിറക്കി. മുപ്പത് വര്‍ഷത്തോളമായി തരിശായി കിടന്ന ഭൂമിയിലാണ് കൃഷിയിറക്കിയിരിക്കുന്നത്. ആറന്മുളയെ തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ വിത്തുവിതച്ചത്. ഉമ നെല്ലിനത്തില്‍ പെട്ട വിത്താണ് ഈ പാടശേഖരത്ത് വിതച്ചിരിക്കുന്നത്. കൃഷിവകുപ്പാണ് പാടശേഖരത്ത് വിത്തിറക്കുന്നതിനുള്ള എല്ലാ സഹായവും ചെയ്തുനല്‍കുന്നത്. പൂര്‍ണ പിന്തുണയുമായി ഇലന്തൂര്‍ബ്ലോക്ക് പഞ്ചായത്തും, കോഴഞ്ചേരി ഗ്രാമപഞ്ചായത്തും രംഗത്തുണ്ട്. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രകാശ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറി പി. ഈശോ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലതാ ചെറിയാന്, സാറാമ്മ ഷാജന്, സോണി, അഡ്വ. ശ്രീരാജ്, എബ്രഹാം തോമസ്, ആല്വിന്, കൃഷി ഓഫീസര്‍ എസ് കവിത, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബൈജു ഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
