തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ വിവിധ പോളിംഗ് ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട ക്രമീകരണം ജില്ലാതല തെരഞ്ഞെടുപ്പ് കൺട്രോൾ റൂമിൽ കളക്ടർ എൻ. ദേവിദാസിന്റെ നേതൃത്വത്തിൽ നടന്നു. ജില്ലയിലെ 2720 പോളിംഗ് ബൂത്തുകളിലേക്കായി 15232 ഉദ്യോഗസ്ഥരാണ് ആദ്യഘട്ടക്രമീകരണത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്. പ്രധാന ചുമതല നിർവഹിക്കുന്ന 3812 ഉദ്യോഗസ്ഥരിൽ 1309 പുരുഷന്മാരെയും 2503 സ്ത്രീകളെയും നിയോഗിച്ചിട്ടുണ്ട്.
പ്രഥമ പോളിംഗ് ഓഫീസർമാരായ 3812 പേരിൽ 1082 പുരുഷന്മാരും 2730 സ്ത്രീകളുമാണുള്ളത്. ജില്ലയിലാകെ 2223 പുരുഷന്മാരും 5401 സ്ത്രീകളും ഉൾപ്പെടെ 7624 പോളിംഗ് ഓഫീസർമാരാണുള്ളത്. ജോലിക്ക് നിയോഗിച്ച് കൊണ്ടുള്ള ഉത്തരവ് ഉദ്യോഗസ്ഥർക്ക് നവംബർ 18 ന് വൈകിട്ട് 4ന് ശേഷം ഇ ഡ്രോപ്പ് വെബ്സൈറ്റിൽ https://edrop.sec.kerala.gov.in/ നിന്ന് ലഭ്യമാകും.
അച്ചൻകോവിൽ പഞ്ചായത്തിലെ പോളിങ് ബൂത്തുകളായ അച്ചൻകോവിൽ ഗവൺമെന്റ് എൽപിഎസ് സൗത്ത് വിഭാഗം, അച്ഛൻകോവിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ സൗത്ത് വിഭാഗം എന്നിവിടങ്ങളിൽ പുരുഷ പോളിംഗ് ഉദ്യോഗസ്ഥരെയാണ് ക്രമീകരിച്ചിരിക്കുന്നത്. പോളിംഗ് ഓഫീസർമാരെ താമസസ്ഥലത്തിനടുത്തായുള്ള പോളിംഗ് ബൂത്തുകളിൽ നിയോഗിക്കും. എ ഡി എം ജി.നിർമൽകുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി ജയശ്രീ, സൂപ്രണ്ട് കെ സുരേഷ്, ഇ ഡ്രോപ്പ് അസിസ്റ്റന്റ് നോഡൽ ഓഫീസർ രമേശ് മാധവൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
