തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പിന് ജില്ലയില്‍ 2085 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ 1802 പോളിങ് സ്റ്റേഷനുകളും നഗരസഭകളില്‍ 283 പോളിങ് സ്റ്റേഷനുകളുമാണുള്ളത്. ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസര്‍, മൂന്ന് പോളിങ് ഓഫീസര്‍മാര്‍ എന്നിവരെയാണ് വോട്ടെടുപ്പിന് നിയോഗിക്കുക. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും.

വോട്ടെടുപ്പ് സാധനങ്ങളുടെ വിതരണത്തിനും വോട്ടെടുപ്പിന് ശേഷം അവ തിരികെ വാങ്ങി സൂക്ഷിക്കുന്നതിനുമുള്ള ജില്ലയിലെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍ നിശ്ചയിച്ചു. ത്രിതല പഞ്ചായത്തുകളുടേതിന് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും നഗരസഭകളുടേതിന് അതത് നഗരസഭകളിലുമാണ് വിതരണകേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. വോട്ടെണ്ണല്‍ നടക്കുന്നതും ഇതേ കേന്ദ്രങ്ങളിലായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ബ്ലോക്കുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടെടുപ്പ് യന്ത്രങ്ങളുടെ വിതരണം നവംബര്‍ 28, 29, 30 തീയതികളില്‍ നടക്കും.

കായംകുളം, മാവേലിക്കര, ഹരിപ്പാട് നഗരസഭ ഓഫീസുകള്‍, ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ആലപ്പുഴ സെന്റ് ജോസഫ്സ് എച്ച് എസ് എസ് ഫോര്‍ ഗേള്‍സ്, ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവയാണ് നഗരസഭകളിലെ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍. എന്‍ എസ് എസ് കോളേജ്, പള്ളിപ്പുറം (തൈക്കാട്ടുശ്ശേരി ബ്ലോക്ക്), ടി ഡി ഹൈസ്കൂള്‍ തുറവൂര്‍ (പട്ടണക്കാട്), ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജ്(കഞ്ഞിക്കുഴി), കലവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (ആര്യാട്), അമ്പലപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (അമ്പലപ്പുഴ), ചമ്പക്കുളം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (ചമ്പക്കുളം), മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (വെളിയനാട്), ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്(ചെങ്ങന്നൂര്‍), നങ്ങ്യാര്‍കുളങ്ങര ടി കെ മാധവ മെമ്മോറിയല്‍ കോളേജ് (ഹരിപ്പാട്), മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍(മാവേലിക്കര), നൂറനാട് സെന്റ് ജോസ്ഫ്സ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ (ഭരണിക്കാവ്), മുതുകുളം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (മുതുകുളം) എന്നിവയാണ് ബ്ലോക്കതല വിതരണ സ്വീകരണ കേന്ദ്രങ്ങള്‍.