തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായ  ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയിലെ പൊതുനിരീക്ഷകന്‍ നരേന്ദ്രനാഥ് വേളൂരിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് വരണാധികാരികള്‍, നോഡല്‍ ഓഫീസര്‍മാര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നീതിയുക്തവുമാക്കണമെന്നും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും പൊതുനിരീക്ഷകന്‍ ഓര്‍മ്മിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഹരിത ചട്ടം കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ വിവിധ ബ്ലോക്ക്, നഗരസഭാ സ്വീകരണ- വിതരണ കേന്ദ്രങ്ങളിലേക്കുള്ള വോട്ടിങ് മെഷീന്‍ വിതരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ മൂന്നിന് വിതരണം പൂര്‍ത്തിയാകും. തുടര്‍ന്ന് ഡിസംബര്‍ 5, 6, 7 തീയതികളിലായി വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് നടക്കും. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും ഈ പ്രക്രിയ. കമ്മീഷനിങിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ വിതരണത്തിനായി സ്‌ട്രോങ് റൂമുകളിലേക്ക് മാറ്റും.

പോളിങ് സാമഗ്രികള്‍ സ്വീകരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കേന്ദ്രങ്ങള്‍ സജ്ജീകരിക്കുമ്പോള്‍ മതിയായ കൗണ്ടറുകള്‍ ഒരുക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ എം.എസ് മാധവിക്കുട്ടി വരണാധികാരികളോട് നിര്‍ദ്ദേശിച്ചു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഈ കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം.

ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ പൊലീസ് മേധാവി അജിത്കുമാര്‍ വിശദീകരിച്ചു.
എ.ഡി.എം കെ. സുനില്‍കുമാര്‍, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഗോപിനാഥന്‍, പാലക്കാട് ഡി.എഫ്.ഒ രവികുമാര്‍ മീണ, വിവിധ തദ്ദേശ സ്ഥാപന വരണാധികാരികള്‍, തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.