വയനാട് ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍വഹിച്ചു. വിഭിന്നശേഷിക്കാര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ സംരക്ഷിച്ച് അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍, സംരക്ഷണം, സമത്വം, സാമൂഹിക അകല്‍ച്ച ഒഴിവാക്കല്‍ എന്നിവയെ കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിക്കുന്നത്.
സാമൂഹിക പുരോഗതിക്കായി ഭിന്നശേഷി സൗഹൃദ സമൂഹങ്ങളെ വളര്‍ത്തിയെടുക്കുകയെന്നതാണ് ഭിന്നശേഷി ദിനാചരണ സന്ദേശം. പരിപാടിയുടെ ഭാഗമായി ഭിന്നശേഷി അവകാശ സംരക്ഷണ നിയമം, ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധ പദ്ധതികള്‍ സംബന്ധിച്ച് സെമിനാറുകള്‍ നടത്തി. ജില്ലയിലെ വിവിധ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കലാ പരിപാടികള്‍ അവതരിപ്പിച്ചു. വയോ അമൃതം പദ്ധതിക്ക് കീഴില്‍ ജീവിത ശൈലി ആരോഗ്യ പരിശോധനയും നടത്തി.
ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എസ്. ഗിഫ്റ്റ്‌സന്‍ രാജ് അധ്യക്ഷനായ പരിപാടിയില്‍ സിവില്‍ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ അനീഷ് ചാക്കോ, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ കെ.ആര്‍ ബിന്ദുഭായ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ മുഹമ്മദ് ജാബിര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ.കെ പ്രജിത്ത്, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സിനോജ് പി ജോര്‍ജ്, ഡി.എ.ഡബ്യു.എഫ് വയനാട് സെക്രട്ടറി കെ.വി മത്തായി, കെ.എഫ്.ബി പ്രസിഡന്റ് ഡോ. എം കൃഷ്ണന്‍ മാസ്റ്റര്‍, ഡി.എ.പി.എല്‍ പ്രസിഡന്റ് എ.പി ഹംസ, ഡബ്യൂ.എഫ്.ഡി പ്രസിഡന്റ് കെ നജീം, അഡ്വ. പി സുരേഷ്, എം സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍, വിവിധ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
