തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആലപ്പുഴ ജില്ലയില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് (ഇവിഎം) കമ്മീഷനിംഗ് പൂർത്തിയായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടര്‍ അലക്സ് വർഗീസ് വിവിധ കേന്ദ്രങ്ങളിൽ എത്തി കമ്മീഷനിംഗ് നടപടികൾ പരിശോധിച്ചു. വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം എന്നിവ പ്രിൻ്റ് ചെയ്ത ബാലറ്റ് ലേബലുകൾ മെഷീനുകളിൽ ചേർത്ത് പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന പ്രക്രിയയാണിത്. ത്രിതല പഞ്ചായത്തുകളിലേക്കും, നഗരസഭകളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് അതത് കേന്ദ്രങ്ങളിൽ സജ്ജമാക്കുന്നത്.
വോട്ടർമാർക്ക് എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി വ്യത്യസ്ത നിറങ്ങളിലുള്ള ബാലറ്റ് ലേബലുകളാണ് മെഷീനിൽ പതിക്കുന്നത്. ഗ്രാമ പഞ്ചായത്തിന് വെള്ളയും ബ്ലോക്ക് പഞ്ചായത്തിന് പിങ്കും ജില്ലാ പഞ്ചായത്തിന് ഇളം നീലയുമാണ് നിറം. നഗരസഭകളിൽ വെള്ള നിറത്തിലുള്ള ലേബലുകളാണ് ഉപയോഗിക്കുന്നത്.
സ്ഥാനാർത്ഥികളുടെ എണ്ണത്തിന് അനുസരിച്ചാണ് ബാലറ്റ് യൂണിറ്റുകൾ ക്രമീകരിക്കുന്നത്. പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് ഒരുക്കുന്നത്. എന്നാൽ മുനിസിപ്പാലിറ്റി തലത്തിൽ ഒന്നു വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമാണ് ഉപയോഗിക്കുന്നത്.
ജില്ലയിലെ 2085 പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിംഗ് മെഷീനുകളാണ് തയ്യാറാക്കുന്നത്. സ്ഥാനാർത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ അതത് റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിക്കുന്നത്. സബ് കളക്ടർ സമീർ കിഷൻ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എസ് ബിജു തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലെ സന്ദർശനത്തിൽ പങ്കാളിയായി.
