നാടിന്റെ വികസന മുന്നേറ്റങ്ങൾക്കൊപ്പം നിൽക്കുന്ന കേരള ജനതയ്ക്ക് ബിഗ് സല്യൂട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ മുന്നേറ്റത്തോടൊപ്പം ജനങ്ങളുണ്ട് എന്നാണ് ഉദ്ഘാടന പരിപാടിക്കെത്തിയ ജനസഞ്ചയം വ്യക്തമാക്കുന്നത്. ഏത് പ്രതിസന്ധിയെയും നേരിട്ട് മുന്നോട്ടു പോവാൻ അതാണ് സർക്കാറിന്റെ കരുത്ത്. കണ്ണൂരിൽ വിമാനത്താവളമോ എന്ന് ആളുകൾ സംശയിച്ച ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇത്തരം പല സംശയങ്ങളും തീർത്താണ് നാം ഇവിടം വരെയെത്തിയത്. 1996ൽ വ്യോമയാന മന്ത്രിയായിരുന്ന സി എം ഇബ്രാഹിം എടുത്ത താൽപര്യമാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാർക്ക് ഇക്കാര്യത്തിൽ പ്രചോദനമായത്. കൂടുതൽ വീടുകൾ ഇല്ലാത്ത സ്ഥലമാണെന്നതാണ് വിമാനത്താവളത്തിനായി നിർദ്ദേശിക്കപ്പെട്ട മറ്റിടങ്ങളിൽ നിന്ന് മൂർഖൻ പറമ്പിന് അനുകൂലമായത്. ക്യാപ്റ്റൻ കൃഷ്ണൻ നായർ, പി വി കെ നമ്പ്യാർ തുടങ്ങിയവരെ പോലുള്ള ചിലരുടെ പേരുകൾ ഈയവസരത്തിൽ അനുസ്മരിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
1996 ൽ ആരംഭിച്ച പദ്ധതി യാഥാർത്ഥ്യമാവാൻ 2018 വരെ കാത്തിരിക്കേണ്ടി വന്നത് ഇടയ്ക്കു വന്ന ഭരണകൂടങ്ങൾ വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിശ്ചലമാക്കിയതിനാലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാനങ്ങളുടെ സർവീസ് തുടങ്ങുന്നതിനുള്ള അനുമതിയുടെ കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. അനുകൂലമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ചില ഉദ്യോഗസ്ഥരെ ഇക്കാര്യത്തിനായി ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും തുടർച്ചയുണ്ടായില്ല. വ്യോമയാന മന്ത്രിയായി സുരേഷ് പ്രഭു ചുമതലയേറ്റതു മുതൽ കേരളത്തിന്റെ ആവശ്യങ്ങൾ താൽപര്യപൂർവം പരിഗണിക്കുന്നുണ്ട്. കണ്ണൂർ വിമാനത്താവളത്തെ രാജ്യത്തെ പ്രധാന എയർപോർട്ടുകളിലൊന്നായി മാറ്റുന്നതിൽ വ്യോമയാന വകുപ്പിന്റെയും വ്യോമയാന സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും വലിയ ഇടപെടലുകളുണ്ടായിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച സ്ഥിതിക്ക് അതിന്റെ നടത്തിപ്പ് ഏറ്റെടുക്കാൻ കേരള സർക്കാറിനെ അനുവദിക്കണം. കോഴിക്കോട് വിമാനത്താവളവും ഏറ്റെടുത്ത് നടത്താൻ സർക്കാർ തയ്യാറാണ്. ശബരിമല തീർത്ഥാടകർക്കായി എരുമേലിക്കടുത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന വിമാനത്താവളത്തിന്റെ സാധ്യതാ പഠനം നടത്തി വരുന്നതായും ആവശ്യമായ അംഗീകാരം കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും മുഖ്യമന്തി പറഞ്ഞു. കൊയിലാണ്ടി മുതൽ മൈസൂർ വരെയുള്ള യാത്രക്കാർക്ക് കണ്ണൂർ വിമാനത്താവളം അനുഗ്രഹമാവും. യാത്രക്കാരുടെ സൗകര്യാർത്ഥം റോഡ് വികസനം നല്ല രീതിയിൽ പൂർത്തീകരിക്കും. റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോൾ ചെറിയ പ്രശ്നങ്ങളുണ്ടാവും. എന്നാൽ ഭൂമി നഷ്ടപ്പെടുന്നവർക്ക് മികച്ച നഷ്ടപരിഹാരം നൽകും. റോഡ് വികസിപ്പിക്കാതെ മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ വിമാനത്താവളം വികസനത്തിന്റെ മികച്ച മാതൃക: കേന്ദ്രമന്ത്രി
കണ്ണൂർ വിമാനത്താവളം വികസനത്തിന്റെ മികച്ച മാതൃകയാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു. വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി യാഥാർഥ്യമാക്കുന്നതിനുവേണ്ടി പ്രവർത്തിച്ച കേരള സർക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും കൈകോർത്ത് എങ്ങനെ മികച്ച രീതിയിൽ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാം എന്നതിന് ഉദാഹരണാണ് കണ്ണൂർ വിമാനത്താവളം. ഇന്ത്യയുടെ വ്യോമയാന മേഖലയുടെയും രാജ്യ വികസനത്തിന്റെയും സുപ്രധാന ദിവസമാണിന്ന്. വികസന സാധ്യതകൾ ഏറെയുള്ള സംസ്ഥാനമാണ് കേരളം. വ്യോമഗതാഗതത്തോടൊപ്പം വികസനത്തിന്റെ കൂടി കവാടമാണ് കണ്ണൂർ വിമാനത്താവളം ഉദ്ഘാടനത്തിലൂടെ തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി ഇതോടെ കേരളം മാറിയിരിക്കുകയാണ്. ഭാവിയെ കൂടി മുന്നിൽ കണ്ടുകൊണ്ടുള്ള നിർമാണമാണ് കണ്ണൂർ വിമാനത്താവളത്തിലേത്. ഇത് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. രാജ്യത്തെ വ്യോമയാന മേഖല വൻ മുന്നേറ്റത്തിനാണ് ഇപ്പോൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷം 80 ബില്യൻ ഡോളർ വിദേശ നാണ്യം പ്രവാസികൾ രാജ്യത്തിന് നേടിത്തരുമെന്നാണ് ലോകബാങ്കിന്റെ കണക്കുകൂട്ടൽ. ഇതിൽ മൃഗീയ ഭൂരിപക്ഷവും മലയാളി പ്രവാസികളുടെ സംഭാവനയാണ്. പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഇവർക്ക് നാട്ടിൽ വരാനും കുടുംബത്തെ സന്ദർശിക്കാനും സൗകര്യമൊരുക്കുകയെന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ടൂറിസം വികസനത്തിനും കയറ്റുമതിയുടെ വളർച്ചയ്ക്കും വിമാനത്താവളങ്ങൾ സഹായകമാവും. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി എല്ലാവിധ സഹായങ്ങളും ചെയ്യാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌പൈസ് ജെറ്റ് 10 മുതൽ സർവീസ് നടത്തുമെന്ന് വ്യോമയാന സെക്രട്ടറി
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും ബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും സ്പൈസ് ജെറ്റ് വിമാനം ഡിസംബർ 10 മുതൽ സർവീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന സെക്രട്ടറി ആർ എൻ ചൗബേ പറഞ്ഞു. ഇൻഡിഗോ വിമാനങ്ങളും 10 മുതൽ തന്നെ  മുംബൈയിലേക്കും ഡൽഹിയിലേക്കും സർവീസ് നടത്താൻ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ നാല് വിമാനങ്ങൾ മസ്‌കറ്റിലേക്കും നാല്  വിമാനങ്ങൾ ദോഹയിലേക്കും മൂന്ന് വിമാനങ്ങൾ റിയാദിലേക്കും സർവീസ് നടത്തും. ഡൽഹിയിൽ നിന്ന് ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ കണ്ണൂർ വഴി സർവീസ് ആരംഭിക്കും.
ജെറ്റ് എയർവേസിന്റെ ഡൽഹി അബുദാബി സർവീസും ഡൽഹിയിൽ നിന്നുള്ള ഇൻഡിഗോയുടെ കുവൈറ്റ്, ദോഹ, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും കണ്ണൂർ വഴിയാക്കും. ഗോ എയർ സർവീസിന്റെ ഡൽഹിയിൽ നിന്ന്  മസ്‌കറ്റ്, ദമാം, അബുദാബി സർവീസുകൾ കണ്ണൂർ വഴിയാക്കുമെന്നും വ്യോമയാന സെക്രട്ടറി പറഞ്ഞു.
കൂടുതൽ ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കും: കിയാൽ എം.ഡി
വടക്കൻ മലബാറിലും കർണാടകത്തിലുമായി നിരവധി ടുറിസം കേന്ദ്രങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിന് ചുറ്റുമുള്ളതെന്നും ഇന്ത്യയ്ക്ക് അകത്തും സഞ്ചാരികളെ ഇവിടെത്തിക്കുക വഴി ടുറിസം മേഖലയ്ക്ക് പുത്തനുണർവ് നൽകാൻ കഴിയുമെന്നും കിയാൽ എം ഡി തുളസിദാസ്. രാജ്യത്തിനകത്തും പുറത്തുമുള്ള വിമാന കമ്പനികൾക്ക് കണ്ണൂരിൽ നിന്നും സർവീസ് നടത്തുന്നതിന് കേന്ദ്രം അനുമതി നൽകണമെന്നും എം ഡി പറഞ്ഞു.
കണ്ണൂരിന്  പുറമെ ബേക്കൽ, വയനാട്, കൂർഗ് തുടങ്ങിയവ മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്രയും പെട്ടെന്ന് തന്നെ കണ്ണൂരിൽ നിന്ന് വേണ്ടത്ര ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കും. 2008 ൽ ആണ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുത്ത് തുടങ്ങിയതെന്നും 2300 ഏക്കർ ഭൂമിയാണ് ഇതിനോടകം പദ്ധതിക്കായി ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. 1892 കോടി രൂപയാണ് പദ്ധതിക്ക് ചിലവ് പ്രതീക്ഷിച്ചിരുന്നതിനും 2300 കോടിയോളം രൂപ ഇതിനോടകം ചിലവായി. റൺവേ വികസനവും കാർഗോ കോംപ്ലക്‌സുമാണ് വികസനത്തിന്റെ അടുത്ത പടിയെന്നും തുളസീദാസ് പറഞ്ഞു.